malappuram local

ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ കൊട്ടുക്കര സ്‌കൂളിന് രണ്ടാംസ്ഥാനം

കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാറിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടി കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ ജില്ലയ്ക്ക് അഭിമാനമായി. പൊതു വിദ്യാലയങ്ങളെ കേരളീയ സമൂഹത്തിന് ആകര്‍ഷകമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തുനിന്നു നൂറ് സ്‌കൂളുകള്‍ പങ്കെടുത്തു.
ഇതില്‍ നിന്നാണ് കൊട്ടൂക്കര സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയത്. തിരുവനന്തപുരത്തുനടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 10 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്‌കൂള്‍ ഏറ്റുവാങ്ങി. അക്കാദമികം, സാമൂഹിക പിന്തുണ, വിദ്യാലയ വികസനം, ഭൗതിക സാഹചര്യം തുടങ്ങിയവയിലെ മികവാണ് ആദ്യറൗണ്ടില്‍ പരിഗണിക്കപ്പെട്ടത്.
രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക സ്‌കൂള്‍ കൊട്ടുക്കരയായിരുന്നു. അവസാന റൗണ്ടിലേക്ക് കടന്ന 13 സ്‌കൂളുകളില്‍ ജൂറി അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശനം നടത്തി മികവുകള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍ സമഗ്ര ശാക്തീകരണ പദ്ധതിയായ മുന്നൊരുക്കം, പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ഐസിഇആര്‍ പദ്ധതി, കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിക്കുന്ന എഴുത്തുപുര, കോര്‍ണര്‍ പിടിഎ, ഗൃഹസന്ദര്‍ശനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴിലധിഷ്ടിത നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയവയാണ് സ്‌കൂളിന് മികവ് നേടികൊടുത്തത്.
ധനമന്ത്രി തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ടി വി ഇബ്രാഹീം എംഎല്‍എ എന്നിവര്‍ കുട്ടികളെയും സ്‌കൂളിനേയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it