ഹനുമന്തപ്പ യാത്രയായി; ദുഃഖത്തോടെ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമായി. സിയാച്ചിനിലെ മഞ്ഞുപാളികള്‍ക്കിടയില്‍ ആറുനാള്‍ കുടുങ്ങിയ ശേഷം ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ വിട ചൊല്ലി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു അന്ത്യം. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ വെന്റിലേറ്ററിലായിരുന്നു. എയിംസിലെ ഡോക്ടര്‍മാരെത്തി ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പ്രയത്‌നവും ഫലംകണ്ടില്ല.
കര്‍ണാടക ദാര്‍വാദ് ജില്ലയിലെ ബേട്ടാദൂര്‍ സ്വദേശിയാണ് ഹനുമന്തപ്പ. ഭാര്യയും രണ്ടു വയസ്സായ മകളുമുണ്ട്. മരണസമയത്ത് കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ജന്‍മനാട്ടിലേക്കു കൊണ്ടുപോവും. ഇക്കഴിഞ്ഞ മൂന്നിനാണ് ഹനുമന്തപ്പ ഉള്‍പ്പെടെ 10 സൈനികര്‍ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടത്. ആറു ദിവസത്തിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ 35 അടി മഞ്ഞിനുള്ളില്‍ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തി. കൂടെയുണ്ടായിരുന്നവരെല്ലാം മരിച്ചു.
14 വര്‍ഷം മുമ്പാണ് ഹനുമന്തപ്പ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ ചേര്‍ന്നത്. നാലുവര്‍ഷം മുമ്പ് മഹാദേവിയെ വിവാഹം കഴിച്ചു. ആറുമാസം മുമ്പാണ് വീട്ടുകാരെയും മകള്‍ നേത്രയെയും കാണാന്‍ അവസാനമായി നാട്ടിലെത്തിയത്. ദുരന്തത്തിനു ദിവസങ്ങള്‍ക്കു മുമ്പ് വീട്ടുകാരെ വിളിച്ചിരുന്നു.
മരണവാര്‍ത്ത ആഴത്തില്‍ ദുഃഖിപ്പിക്കുന്നതാണെന്നു ഹനുമന്തപ്പയുടെ മാതാവിനയച്ച അനുശോചനസന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ദൗത്യനിര്‍വഹണത്തിനിടെയാണ് അത്യാഹിതം സംഭവിച്ചത്. രാജ്യം അദ്ദേഹത്തെ എന്നും ഓര്‍ക്കുമെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുലും അനുശോചിച്ചു. ഇന്ത്യയിലെ പാക് ഹൈ കമ്മീഷണര്‍ അബ്ദുല്‍ ബാസിത് അനുശോചനം രേഖപ്പെടുത്തി. സിയാച്ചിനില്‍ മരിച്ചവരെക്കുറിച്ച് രാജ്യം കൂടുതല്‍ ആലോചിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it