ഹജ്ജ് വിമാന ഷെഡ്യൂള്‍ അടുത്തയാഴ്

ചകരിപ്പൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂള്‍ അടുത്തയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കും. സൗദി വ്യോമയാന മന്ത്രാലയവും കേന്ദ്ര വ്യോമയാന മന്ത്രാലയവും സംയുക്തമായാണ് ഹജ്ജ് ഷെഡ്യൂള്‍ തയ്യാറാക്കിയത്. ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ സമയ സ്ലോട്ടിനനുസരിച്ചാണ് ഇന്ത്യയിലെ 20 എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് ഹജ്ജ് വിമാന സര്‍വീസുകള്‍ ഇത്തവണയും തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിലുള്ള സര്‍വീസുകള്‍ ജൂലൈ 14 മുതല്‍ ആരംഭിക്കും. രണ്ടാംഘട്ടത്തിലുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 29 മുതലും ആരംഭിക്കും. കേരളം രണ്ടാംഘട്ടത്തിലുള്‍പ്പെട്ടതിനാല്‍ ഹജ്ജ് സര്‍വീസുകള്‍ 29 മുതലാണ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നു സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് വിമാന സര്‍വീസുകള്‍ നടത്തുന്നത്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് ഹജ്ജ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ 11 എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ജിദ്ദയിലേക്കും ഒമ്പത് സ്ഥലങ്ങളില്‍ നിന്ന് മദീനയിലേക്കും നേരിട്ടാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക. മദീനയില്‍ ഇറങ്ങുന്നവര്‍ ഹജ്ജിന് മുമ്പായി തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും. ഇവരുടെ മടക്കയാത്ര ജിദ്ദ വിമാനത്താവളം വഴിയായിരിക്കും. നെടുമ്പാശ്ശേരി ഉള്‍പ്പെടെ ജിദ്ദയിലേക്ക് പോവുന്ന തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചതിനു ശേഷമായിരിക്കും മദീനയിലേക്ക് പോവുക. ഇവരുടെ മടക്ക സര്‍വീസുകള്‍ മദീനയില്‍ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് 400,300 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ടു രീതിയിലുള്ള വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഹജ്ജ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 29ന് ആരംഭിക്കുന്ന ഹജ്ജ് വിമാന സര്‍വീസുകള്‍ ആഗസ്ത് 15ന് സമാപിക്കും. ഹജ്ജ് കഴിഞ്ഞുള്ള മടക്ക വിമാനങ്ങള്‍ സപ്തംബര്‍ 5 മുതല്‍ ആരംഭിക്കും. സപ്തംബര്‍ 25നാണ് ഹജ്ജ് വിമാന സര്‍വീസുകള്‍ പൂര്‍ത്തിയാവുക. കേരളത്തില്‍ നിന്ന് 11700 പേര്‍ക്കുള്ള വിമാന സീറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഹജ്ജിന് പോവുന്നത്.
Next Story

RELATED STORIES

Share it