Flash News

ഹജ്ജ് : മലയാളികള്‍ക്ക് താമസം ഒരേ സ്ഥലത്ത് നല്‍കണമെന്നു കേരളം



കൊണ്ടോട്ടി: മലയാളി തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ ഒരേ സ്ഥലത്തുള്ള കെട്ടിടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലും പിന്നീട് കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടുമാണ് കേരളം ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ എന്നിവരാണു കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പെങ്കടുത്തത്. കേന്ദ്ര ഹജ്ജ്കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹ്ബൂബ് അലി കൈസര്‍ എംപി, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശെയ്ഖ് എന്നിവരെ നേരില്‍ കണ്ടാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്. മലയാളി ഹാജിമാരെ പല കെട്ടിടങ്ങളില്‍ താമസിപ്പിക്കുന്ന സംവിധാനം ഒഴിവാക്കി പ്രത്യേക കെട്ടിടം ഏര്‍പ്പെടുത്തണം. മലയാളി ഹാജിമാര്‍ താമസിക്കുന്ന പ്രദേശത്തെ ആശുപത്രിയില്‍ മലയാളം അറിയുന്നവരെ നിയമിക്കണമെന്നും ഇവിടെ രക്തസമ്മര്‍ദം പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ കാറ്റഗറിയിലെ തീര്‍ത്ഥാടകര്‍ക്കു കുറഞ്ഞ നിരക്കില്‍ കാറ്ററിങ് ഭക്ഷണം ഏര്‍പ്പെടുത്തണം. മക്ക, മദീന എന്നിവിടങ്ങളിലെ യാത്രയ്ക്കു മികച്ച ബസ്സുകള്‍ ഒരുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതിലെ മാനദണ്ഡം അപേക്ഷയുടെ എണ്ണമായിരിക്കണം. ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍ നിന്ന് കരിപ്പൂരിലേക്കു മാറ്റണമെന്നും കേരളം പ്രധാന ആവശ്യമായി ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ അറിയിച്ചു.
Next Story

RELATED STORIES

Share it