Flash News

ഹജ്ജ് തീര്‍ത്ഥാടനം ഒറ്റത്തവണയാക്കും ; പുതിയ ഹജ്ജ് നയം ഈ ആഴ്ച പുറത്തിറക്കും



ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനം ഒറ്റത്തവണയായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം ഈ ആഴ്ച പുറത്തിറക്കും. ഹജ്ജ് യാത്രാ ചെലവ് കുറയ്ക്കുന്നതിന് മുംബൈയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സമുദ്രമാര്‍ഗമുള്ള കപ്പല്‍യാത്ര തിരിച്ചുകൊണ്ടുവരുന്നത് അടക്കമുള്ളവ പുതിയ നയത്തില്‍ ഉള്‍പ്പെടുമെന്നാണ്  സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. ഇത് അടുത്തവര്‍ഷം മുതല്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് യാത്രാ ചെലവ് ചുരുക്കാന്‍ കപ്പല്‍മാര്‍ഗമുള്ള യാത്ര സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജീവിതത്തില്‍ ഒരുതവണ മാത്രമായി ഹജ്ജ് യാത്ര പരിമിതപ്പെടുത്തിക്കൊണ്ടുള്ള നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് റിപോര്‍ട്ട്. ഇതു മൂലം ഹജ്ജ് യാത്ര ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.  2022ഓടെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന 2012ലെ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിനും മുംബൈയില്‍ നിന്നു കപ്പല്‍മാര്‍ഗമുള്ള ഹജ്ജ് യാത്ര സഹായകരമാവുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.അതേസമയം, രാജ്യത്തെ ന്യൂഡല്‍ഹി, മുംബൈ അടക്കം 21 ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിമാനമാര്‍ഗം സൗദി അറേബ്യയിലേക്ക് യാത്ര പോവുന്നതിന് തടസ്സമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.1995ലാണ് അവസാനമായി ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം ഹജ്ജ് യാത്രാസംഘം പുറപ്പെട്ടത്. 2300 നോട്ടിക്കല്‍ മൈല്‍ ദൂരമുള്ള മുംബൈ-ജിദ്ദ കപ്പല്‍ യാത്രയ്ക്ക് മൂന്നുദിവസമാണ് വേണ്ടിവരുക. 1995ല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ഹജ്ജ് യാത്രയ്ക്ക് ഒരാഴ്ച വരെ  സമയം വേണ്ടിവന്നിരുന്നു. 4,000 മുതല്‍ 5,000 വരെ യാത്രക്കാരെ വഹിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള കപ്പല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് ക്വാട്ട ഈ വര്‍ഷം സൗദി അറേബ്യന്‍ സര്‍ക്കാര്‍ 1.70 ലക്ഷമായി ഉയര്‍ത്തിയിരുന്നു. 1.35 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നു ഹജ്ജിന് പോയത്.
Next Story

RELATED STORIES

Share it