ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയത് മികച്ച സൗകര്യം: മന്ത്രി കെ ടി ജലീല്‍

നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ത്ഥാടകരുടെ കൂടെ വരുന്നവര്‍ക്ക് കഴിഞ്ഞതവണത്തെ പോലെ ഇത്തവണ ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി കെ ടി ജലീല്‍. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുള്ള സിയാല്‍ അക്കാദമിയില്‍ താല്‍ക്കാലികമായി ഒരുക്കിയിട്ടുള്ള ഹജ്ജ് ക്യാംപ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടകര്‍ക്ക് ഇപ്രാവശ്യവും വന്‍ സൗകര്യങ്ങളാണ് കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. സിയാല്‍ അക്കാദമിയിലെ സ്ഥലക്കുറവ് കാരണമാണ് തീര്‍ത്ഥാടകരുടെ കൂടെ വരുന്നവര്‍ക്ക് ഹജ്ജ് ക്യാംപില്‍ വിശ്രമിക്കാന്‍ അവസരം അനുവദിക്കാത്തത്. അത് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ല. കൂടെ വരുന്നവര്‍ക്ക് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ ഇറക്കുന്നതിനും മറ്റും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിക്കൊപ്പം മുന്‍ എംഎല്‍എ എ എം യൂസഫ്, സിയാല്‍ കമ്പനി എക്‌സി. ഡയറക്ടര്‍ എ എം ഷബീര്‍, ഹജ്ജ് കമ്മിറ്റി അംഗം ബാബു സേട്ട്, ജില്ലാ ട്രെയിനര്‍ ഇ കെ കുഞ്ഞുമുഹമ്മദ്, മുട്ടം അബ്ദുല്ല, അനസ് ഹാജി, ഇബ്രാഹീം കുഞ്ഞ് മുടിക്കല്‍, സി എം അസ്‌കര്‍, ഹൈദ്രോസ് ഹാജി, പി എം സിയാദ്, കരീം ഹാജി, ഷംജല്‍ എന്നിവരുമുണ്ടായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി തുടര്‍ച്ചയായി നാലാമത് ഹജ്ജ് ക്യാംപാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ സംഘടിപ്പിച്ച ക്യാംപ് ഈ വര്‍ഷം ഹാങ്കറിന് സമീപം സിയാലിന് കീഴിലുള്ള സിയാല്‍ അക്കാദമിയിലാണ് ഒരുക്കുന്നത്.
ദിവസവും 820 മുതല്‍ 1230 വരെ തീര്‍ത്ഥാടകരെയാണ് ക്യാംപില്‍ പ്രതീക്ഷിക്കുന്നത്. 800 വീതം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേസമയം നമസ്‌കരിക്കാന്‍ സൗകര്യമുണ്ടാകും. ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യും. ആഗസ്ത് ഒന്നിന് പുലര്‍ച്ചെയാണ് ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുക. സൗദി എയര്‍ലൈന്‍സാണ് ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it