സ്‌റ്റെര്‍ലൈറ്റ് വെടിവയ്പ് ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണം

ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ മെയ് 22ന് തൂത്തുക്കുടിയില്‍ നടന്ന പോലിസ് വെടിവയ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) വസ്തുതാന്വേഷണ റിപോര്‍ട്ട്. സംഭവത്തില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ക്കെതിരേ പോലിസ് വെടിയുതിര്‍ത്തത്. സ്‌റ്റെര്‍ലൈറ്റിനെ പിണക്കാതിരിക്കാന്‍ വേണ്ടി മാത്രം കേന്ദ്രവുമായി ചേര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ അങ്ങേയറ്റത്തെ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ പ്രസിഡ ന്റുമായ എ മാര്‍ക്‌സ് കുറ്റപ്പെടുത്തി.
ഭാവിയില്‍ കോര്‍പറേറ്റുകളെ എതിര്‍ക്കുന്നതില്‍ നിന്നു ജനങ്ങളെ തടയുകയും ഭയപ്പെടുത്തുകയുമാണു ഭരണകൂടം ലക്ഷ്യംവച്ചത്. മാര്‍ക്‌സിന്റെ നേതൃത്വത്തില്‍ സാമൂഹികപ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങിയ 12 അംഗ സംഘം
മെയ് 27, 28 തിയ്യതികളില്‍ ഇരകളുമായും പരിസരവാസികളുമായും കൂടിക്കാഴ്ച നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ലെന്നും പകരം ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും മാര്‍ക്‌സ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it