wayanad local

സ്‌പെഷ്യല്‍ ഡ്രൈവ് നിയമനം വേഗത്തിലാക്കും: പിഎസ്‌സി ചെയര്‍മാന്‍



കല്‍പ്പറ്റ: ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഡ്രൈവ് വഴി നാല് തസ്തികയിലേക്കുള്ള   നിയമനം വേഗത്തിലാക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ പറഞ്ഞു. സാധാരണ നിയമന പ്രക്രിയയില്‍ നിന്നും വിഭിന്നമായാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ പിഎസ്‌സി പരിശ്രമിക്കുന്നത്. ഇതോടെ വനഗ്രാമങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സര്‍ക്കാര്‍ ജോലിയിലേക്ക് എളുപ്പവഴിയാകും. യോഗ്യതയുള്ളവരെ കണ്ടെത്തി അവരില്‍ നിന്നും അപേക്ഷ നേരിട്ട് വാങ്ങി യോഗ്യതയും മറ്റും പരിശോധിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുക. ഇവരില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി കാര്യക്ഷമത പരിശോധിച്ച് നേരിട്ട് നിയമനം നടത്തും.  അടിയ,പണിയ,കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും എക്‌സൈസ്,പോലിസ് വകുപ്പുകളിലേക്കാണ് സ്‌പെഷ്യല്‍ ഡ്രൈവ് മുഖേന  നിയമനം നടത്തുന്നത്.  സിവില്‍ എക്‌സൈസ് ഓഫിസര്‍, സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയിലേക്ക് വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി നിയമനമുണ്ട്. സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ ജില്ലയില്‍  52 ഒഴിവുകളും സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ 17 ഒഴിവുകളുമാണ് ഇവര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ജില്ലയില്‍ നിന്നും അയ്യായിരത്തിലധികം അപേക്ഷകളാണ് ഇതിനായി ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ മൂവ്വായിരത്തോളം അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ജനുവരി മാസത്തോടെ നിയമനം നല്‍കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് എം കെ സക്കീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it