സ്‌കൂള്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായി;ഹരിയാനയില്‍ 38 വിദ്യാര്‍ഥിനികള്‍ പഠനം നിര്‍ത്തി

റെവാരി: ഹരിയാനയില്‍ വിദ്യാര്‍ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടതിനെതുടര്‍ന്ന് 38 വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നത് രക്ഷിതാക്കള്‍ നിര്‍ത്തി. പെണ്‍കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു രക്ഷിതാക്കള്‍ ഈ തീരുമാനമെടുത്തത്.
സുമഖേര പഞ്ചായത്തിലെ രക്ഷിതാക്കളാണ് തൊട്ടടുത്ത ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ അയക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. സുമഖേര ഗ്രാമത്തില്‍ ഒരു പ്രൈമറി സ്‌കൂള്‍ മാത്രമാണുള്ളത്. അതിനാലാണ് തുടര്‍പഠനത്തിന് കുട്ടികളെ അയല്‍ഗ്രാമത്തിലേക്ക് അയക്കേണ്ടിവരുന്നത്. ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ധര്‍ണ നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 18നായിരുന്നു ലാല ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായത്. ഇതേത്തുടര്‍ന്ന് ആ സ്‌കൂളിലേക്ക് പെണ്‍കുട്ടികളെ അയക്കേണ്ടതില്ലെന്ന് സുമഖേരയിലെ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റവേരി ഡെപ്യൂട്ടി കമ്മീഷണര്‍ യാഷ് ഗാര്‍ഗ് അറിയിച്ചു. പ്രൈമറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
വിദ്യാര്‍ഥിനികള്‍ക്ക് ലാലാ ഗ്രാമത്തില്‍ സുരക്ഷ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും സുമഖേര ഗ്രാമക്കാര്‍ അത് അംഗീകരിച്ചിട്ടില്ല. സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തുന്നതുവരെ സമരം നടത്താനാണ് അവരുടെ പരിപാടി. സുമഖേര ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍, എട്ടാം തരം വരെയാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഷെട്ടാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ വാഗ്ദാനം ഗ്രാമീണര്‍ തള്ളി.
വിദ്യാഭ്യാസ മന്ത്രി രാംവിലാസ് ശര്‍മയും മറ്റു രണ്ടു മന്ത്രിമാരും ഗ്രാമീണരെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ലാലാ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ പഠനത്തിനയക്കേണ്ടെന്ന് കോട്ടാപുരി ഗ്രാമത്തിലെ കുടുംബങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് ഗാര്‍ഗ് പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കു സുരക്ഷയില്ലാത്തതില്‍ പ്രതിപക്ഷത്തെ ഐഎന്‍എല്‍ഡി, ബിജെപി കക്ഷികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it