Pathanamthitta local

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നത് തടയും

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കും. ഇതിനായി കര്‍മ്മപദ്ധതി നടപ്പാക്കും. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി തടയും.വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ പോലീസിന് കൈമാറുന്ന വിവരങ്ങള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യുന്നെന്ന് ഉറപ്പാക്കും.
വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിന് എല്ലാ സ്‌കൂളിലെയും രണ്ട് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രത്യേക സംരക്ഷണവും കൗണ്‍സലിങും ആവശ്യമുള്ള വിദ്യാര്‍ഥികളുടെ വിവരം പ്രഥമാധ്യാപകര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കൈമാറണം. ധാര്‍മികബോധനത്തിനായി പുസ്തകം തയാറാക്കി വിദ്യാര്‍ഥികള്‍ക്കു നല്‍കും.
വീടുകളിലെത്തി വിദ്യാര്‍ഥികളും മാതാപിതാക്കളുമായി അധ്യാപകര്‍ നടത്തുന്ന കൂടിക്കാഴ്ച പ്രോത്സാഹിപ്പിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കും. ഹയര്‍സെക്കന്‍ഡറി-എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുന്നതിന് തയാറെടുപ്പ് ആരംഭിക്കാനും തീരുമാനമായി. ഓരോ വിദ്യാര്‍ഥിയുടെയും പെരുമാറ്റവും ബുദ്ധിമുട്ടുകളും അധ്യാപകര്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ സമൂഹം ഗൗരവത്തോടെ കാണണം. വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കൗണ്‍സലിങ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണ ദേവിപറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നവര്‍ക്കെതിരേ പോസ്‌കോ ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. അതിക്രമങ്ങളുടെ വിവരങ്ങള്‍ കൈമാറുന്ന അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും കലക്ടര്‍ റഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റിന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍, പത്തനംതിട്ട ഡിഇഒ കെ പി പ്രസന്നന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it