സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഹരജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ അഞ്ചാംക്ലാസും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ എട്ടാംക്ലാസും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. അതേസമയം, അംഗപരിമിതിയുള്ള വിദ്യാര്‍ഥിക്കു പഠനം തുടരാന്‍ കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യുപി സ്‌കൂളില്‍ എട്ടാം ക്ലാസിന് അനുമതി നല്‍കാനും വിദ്യാര്‍ഥിയുടെ തുടര്‍പഠനം ഉറപ്പാക്കാനും സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനും വിദ്യാഭ്യാസ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
കേന്ദ്രനിയമമായ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്‍പി, യുപി സ്‌കൂളുകള്‍ പുനക്രമീകരിക്കാ ന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയും അപ്ഗ്രഡേഷന് വേണ്ടി തയ്യാറാക്കിയ സ്‌കൂള്‍ മാപ്പിങിന്റെ പരിധിയില്‍ വരാത്തതിനെ ചോദ്യം ചെയ്തുമാണ് 134 ഹരജികള്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, വിദ്യാഭ്യാസ ആവശ്യകതയടക്കം അപ്‌ഗ്രേഡ് ചെയ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്നു തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 133 ഹരജികള്‍ തള്ളുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തെ പരിശോധിച്ചു മാത്രമേ അഞ്ചാംക്ലാസും എട്ടാംക്ലാസും വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുള്ളൂവെന്നാണ് നിയമം പറയുന്നതെന്നു കോടതി വ്യക്തമാക്കി. സ്‌കൂള്‍ തുടങ്ങാനെന്ന പോലെ അപ്ഗ്രേഡഷനും വേണ്ട അടിസ്ഥാന ഘടകം വിദ്യാഭ്യാസ ആവശ്യകത തന്നെയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലോ, നിയന്ത്രണത്തിലോ ഉള്ള സ്‌കൂളുകളുടെ കാര്യത്തില്‍ ഇത് ബാധകമാണ്. സ്‌കൂള്‍ മാപ്പിങിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ നടപടിക്രമങ്ങളെ ഒരിക്കല്‍ പോലും ഹരജിക്കാരായ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചോദ്യംചെയ്തിട്ടില്ലെന്നു കോടതി പറഞ്ഞു. ഏഴു മാനദണ്ഡങ്ങള്‍ വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സര്‍വശിക്ഷ അഭിയാനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് മാപ്പിങ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ മാപ്പിങ് പ്രക്രിയയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച വിജ്ഞാപനത്തെയും ചോദ്യംചെയ്തിട്ടില്ല. പ്രാദേശികമായി വിദ്യാഭ്യാസ ആവശ്യകതയില്ലെന്നു കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ അപ്ഗ്രേഡഷന് സാധ്യതയില്ല. അതിനാല്‍ ഹരജിക്കാരുടെ സ്‌കൂളുകളില്‍ എല്‍പി, യുപി ക്ലാസുകള്‍ അഞ്ചും എട്ടുമായി ഉയര്‍ത്താന്‍ അനുമതി നല്‍കാനാവില്ല. ഈ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി ടിസികള്‍ നല്‍കണമെന്നും വിദ്യാഭ്യാസ അധികൃതരും സര്‍ക്കാരും മറ്റു സ്‌കൂളുകളില്‍ ഇവര്‍ക്ക് പ്രവേശനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് ഇവരുടെ പ്രവേശനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പുനപ്പരിശോധിക്കാനും നിര്‍ദേശിച്ചു. അതേസമയം, വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന കാരണത്താലാണ് ഓമശേരി വെളിമണ്ണ ഗവ. മാപ്പിള യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതെങ്കിലും അംഗപരിമിതനായ മുഹമ്മദ് അസീം എന്ന വിദ്യാര്‍ഥിയുടെ ഹരജി പരിഗണിച്ചാണു കോടതി സ്‌കൂളിന് എട്ടാം ക്ലാസ് അനുവദിക്കാന്‍ നിര്‍ദേശിച്ചത്. അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് 18 വയസ്സു വരെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്‌കൂളിലേക്ക് വാഹന സൗകര്യം ഉറപ്പുവരുത്തുകയോ, വീട്ടിലെത്തി വിദ്യാഭ്യാസം ചെയ്തുനല്‍കുകയോ വേണമെന്ന് കേരള വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഈ സ്‌കൂളില്‍ നിന്ന് അഞ്ചും എട്ടും 10ഉം കിലോമീറ്റര്‍ അകലെയാണ് എട്ടാം ക്ലാസുള്ള മറ്റ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നതും 90 ശതമാനം അംഗവൈകല്യമുണ്ടെന്ന മെഡിക്കല്‍ റിപോര്‍ട്ടും കണക്കിലെടുത്ത കോടതി തുടര്‍ന്ന് സ്‌കൂളില്‍ എട്ടാം ക്ലാസിന് അനുമതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥി ഇവിടെ തുടരാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരും വിദ്യാഭ്യാസ അധികൃതരും  ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it