Idukki local

സ്‌കൂളുകള്‍ ഇന്നു തുറക്കും ; ജില്ലാ പ്രവേശനോല്‍സവം അമരാവതിയില്‍



തൊടുപുഴ: ജില്ലയില്‍ പതിനായിരത്തോളം കുട്ടികളാണ് പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇതിനു പുറമെ സിബിഎസ്ഇ സ്‌കൂളുകളിലും കുട്ടികളെത്തും. പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ സ്‌കൂളുകളിലേയ്ക്ക് വരവേല്‍ക്കുന്നത്. ഒന്നാംക്ലാസിലേക്കുള്ള കുട്ടികളെ മറ്റു കുട്ടികള്‍ ബൊക്കെയും മറ്റും നല്‍കി വരവേല്‍ക്കും. മധുരപലഹാരങ്ങളും സമ്മാനങ്ങളും ഉണ്ടാവും. കുമളി അമരാവതി ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷയാവും.ജില്ലയിലെ സ്‌കൂളുകള്‍ക്ക് വേണ്ട പാഠപുസ്തകങ്ങളുടെ വിതരണം 90 ശതമാനവും പൂര്‍ത്തിയായി. ഒന്നു മുതല്‍ എട്ടു വരെയുള്ള എയ്ഡഡ് സ്‌കൂളുകളില്‍ യൂണിഫോമിന്  രണ്ടു കോടി അനുവദിച്ചിരുന്നു. അത്രയും തുക തന്നെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കും എസ്എസ്എ വഴി ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ നാലു വരെ ക്ലാസില്‍െ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള കൈത്തറി യൂണീഫോമും ജില്ലയില്‍ എത്തിക്കഴിഞ്ഞു. സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി ആദ്യദിനം തന്നെ ആരംഭിക്കും. സ്‌കൂളുകളില്‍ പാചകപ്പുരകളില്‍ പാചകവാതകത്തിനായി  ഒരു സ്‌കൂളിന് അയ്യായിരം രൂപ വീതം ആകെ 22 ലക്ഷം രൂപ ജില്ലയില്‍ അനുവദിച്ചു.
Next Story

RELATED STORIES

Share it