സ്‌കൂളുകളില്‍ സരസ്വതി പ്രതിമയുമായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളില്‍ ആത്മീയത വളര്‍ത്താന്‍ സ്‌കൂളുകളില്‍ സരസ്വതി പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ഡല്‍ഹി മു ന്‍സിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്. ബുധനാഴ്ച ചേര്‍ന്ന സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് 582 വിദ്യാലയങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ ഏകദേശം 2.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് കണക്ക്. ശനിയാഴ്ചകളില്‍ ബാഗ്, പുസ്തക രഹിത സ്‌കൂളുകളാണുണ്ടാവുക. അന്നേ ദിവസം ഭഗത്‌സിങ്, അബ്ദുല്‍ കലാം ആസാദ്, ഗുരു നാനാക്ക്്‌ദേവ് എന്നിവരുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  സ്‌കൂളുകളുടെ പ്രവേശന കവാടത്തില്‍ സരസ്വതി പ്രതിമകള്‍ വയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹത്തോടൊപ്പം പഠനത്തില്‍ കൂടുതല്‍ ഊര്‍ജസ്വലതയും ലഭിക്കുമെന്നാണ് ഹരിനഗര്‍ കൗണ്‍സിലറായ അനാമിക മിഥിലേഷിന്റെ വാദം.എല്ലാ ജനുവരി, ഫെബ്രുവരി മാസങ്ങളിലും വസന്തപഞ്ചമി ആഘോഷങ്ങള്‍ക്കുള്ള അനുമതിയും ഭരണകൂടം നല്‍കും. സരസ്വതി പ്രതിമ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ടുകളുടെ ആവശ്യമില്ലെന്നും സ്‌കൂളുകള്‍ അവരുടെ സ്വന്തം ചെലവില്‍ പ്രതിമകള്‍ സ്ഥാപിക്കുമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ഭൂപേന്ദര്‍ ഗുപ്ത പറഞ്ഞു. വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി പഠനം ലഘൂകരിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ശനിയാഴ്ച ചരിത്ര സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നടത്തും. ഇതിനായി എല്ലാ സ്‌കൂളുകളിലും പ്രൊജക്ടറുകള്‍ വിതരണം ചെയ്യും. ശാസ്ത്രം, സാഹിത്യം, മതം, ചരിത്രം എന്നിവയെ കുറിച്ച് അറിവ് നേടുന്നതിനായി ഇത്തരം സിനിമകള്‍ വിദ്യാര്‍ഥികളെ സഹായിക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it