Alappuzha local

സ്‌കൂളിലെ പീഡനശ്രമം : പോലിസ് അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധം



കായംകുളം: എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം.പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയരുന്നു. സംഭവത്തിലെ പ്രതിയെ പുറത്തുകൊണ്ടുവന്നു വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിയെ സംരക്ഷിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സംഭവം പുറത്തുപറയാതിരിക്കാനായി വന്‍ വാഗ്ദാനങ്ങള്‍ വീട്ടുകാര്‍ക്ക് നല്‍കിയതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന സമീപനം വീട്ടുകാര്‍ സ്വീകരിക്കുകയായിരുന്നു. സംഭവം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനെ അറിയിക്കണമെന്നത് സ്‌കൂളുകാര്‍ ലംഘിച്ചതും നിയമലംഘനമാണെന്ന് ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ  25ന് വൈകീട്ട് നാല് മണിയോടെയാണ് വിദ്യാര്‍ഥിനിക്ക് നേരെ ക്ലാസ്മുറിയില്‍ പീഡനശ്രമമുണ്ടായത്. സംഭവത്തില്‍  കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ്  സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. ചിലരെ  കുറിച്ചുള്ള സംശയം കുട്ടി പോലിസിന് കൈമാറിയിട്ടുണ്ട്. കാക്കി നിറത്തിലുള്ള വസ്ത്രം ധരിച്ചയാളെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ സിസിസിടി കാമറകള്‍ സംബന്ധിച്ച അവ്യക്തതകളും  നിലനില്‍ക്കുകയാണ്. സംഭവം നടന്നതായി പറയുന്ന ബില്‍ഡിങ്ങില്‍ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന മാനേജ്‌മെന്റ് ഭാഷ്യം സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള സിസിടിവി ദൃശ്യം പരിശോധിച്ചാ ല്‍ പ്രതിയെ  കണ്ടെത്താന്‍ കഴിയുമെന്നാണ് അറിയുന്നത്.  ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെടുന്ന  സ്‌കൂള്‍  മാനേജ്‌മെന്റിന്റെ കടുത്ത രാഷ്ട്രീയ  സമ്മര്‍ദമാണ് പോലിസ് അന്വേഷണത്തിനു തടസ്സമെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും ഇടതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വിഷയത്തില്‍  മൗനം പാലിക്കുന്നത്  ഭരണ കക്ഷി നേതാക്കളുടെ  ഇടപെടല്‍ മൂലമാണെന്ന് സംശയിക്കുന്നു. എസ്എഫ്‌ഐക്കും, എഐ എസ്എഫിനും ശക്തമായ സ്വാധീനമുള്ള കായംകുളത്തെ നേതാക്കളുടെ മൗനം അണികളി ല്‍  അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്.  അതിനിടെ ജവാഹര്‍ ബാല വേദി ഇന്നലെ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സ്‌കൂളിന് മുന്നില്‍ പോലിസ് തടഞ്ഞു.
Next Story

RELATED STORIES

Share it