സ്‌കൂളാണ്, പോലിസ് സ്റ്റേഷനല്ല!

അവകാശങ്ങള്‍  നിഷേധങ്ങള്‍ - ബാബുരാജ്   ബി  എസ്
സുധ ഒരു കോളജ് അധ്യാപികയാണ്. കൊല്ലത്തില്‍ ആറുമാസവും പരീക്ഷ നടക്കുന്ന തന്റെ സ്ഥാപനത്തില്‍ ചില മുറികളില്‍ പരീക്ഷാ ഡ്യൂട്ടിക്ക് പോവാന്‍ അവര്‍ക്കു മടിയാണ്. മറ്റൊന്നുംകൊണ്ടല്ല, അവിടെ നിരീക്ഷണ കാമറകള്‍ വച്ചിരിക്കുന്നു. എല്ലാ മുറികളിലും കാമറയില്ല. സ്ഥാപനത്തിന്റെ കൈയില്‍ അത്രമാത്രം പണമില്ലാത്തതിനാല്‍ കാമറകള്‍ ചിലയിടങ്ങളിലായി ഒതുങ്ങി. കാമറകളുള്ള ക്ലാസ് മുറികളോടാണ് സുധയ്ക്ക് ഭീതി. കാമറ കോപ്പിയടിക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. അക്കാര്യത്തില്‍ സുധയ്ക്കും സംശയമൊന്നുമില്ല. പക്ഷേ, ആ കാമറ തന്നെയും നിരീക്ഷിക്കുന്നുവെന്നാണ് അവരുടെ പരാതി. ഓഫിസില്‍ വച്ച സിസിടിവി അവിടത്തെ ജീവനക്കാര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് സുധയ്ക്കറിയാം. ഒരു ഫുട്‌ബോള്‍ കളി ലൈവായി പ്രക്ഷേപണം ചെയ്യുന്നതുപോലെ വിവിധ വശങ്ങളില്‍ നിന്നു ലഭിക്കുന്ന ദൃശ്യങ്ങള്‍ നോക്കി വിദ്യാര്‍ഥികളുടെ ചലനങ്ങള്‍ ജീവനക്കാര്‍ നിരീക്ഷിക്കും. ചില കേസില്‍ നടപടിയെടുക്കുന്നതില്‍ അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്നും അവര്‍ കണ്ടെത്തിയേക്കാം. സുധയുടെ പ്രശ്‌നം അതുമാത്രമല്ല. എല്ലാ കോപ്പിയടിയും നിയമപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് അവര്‍ കരുതുന്നില്ല. ശകാരിച്ചും നല്ല വാക്കുപറഞ്ഞും ആ പ്രവണത മാറ്റിയെടുക്കാമെന്ന് അനുഭവത്തില്‍ നിന്ന് അവര്‍ക്കറിയാം. എന്നാല്‍, കാമറകള്‍ അവയെല്ലാം അട്ടിമറിക്കുന്നു. അവസാന തീരുമാനം കുട്ടികളുമായി വൈകാരിക ബന്ധമില്ലാത്ത നിയമവാദികളായ ചിലരിലേക്കു പോവുന്നു. പിന്നെ കാര്യങ്ങള്‍ അവരുടെ കൈയിലാണ്.
ഇത് കോളജുകളിലെ ക്ലാസ് മുറികളിലെ കാര്യമാണെങ്കില്‍ സ്‌കൂളുകളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കാമറയോട് കുട്ടികള്‍ക്ക് വല്ലാത്ത ഭീതിയാണെന്നാണ് പല അധ്യാപകരും പറയുന്നത്. ചില സ്‌കൂളുകളില്‍ മൂത്രപ്പുരകള്‍ക്കടുത്തും കാമറയുണ്ടത്രേ. ക്ലാസ് മുറികളില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അതു കണ്ടെത്താന്‍ കാമറകള്‍ സഹായിക്കുമെന്നാണ് അധികൃതരുടെ വാദം. ക്ലാസ് മുറികളിലെ പ്രവര്‍ത്തനം മാതാപിതാക്കള്‍ക്കു കാണാനും മനസ്സിലാക്കാനും ഉപകാരപ്പെടുമെന്നും അവര്‍ പറയുന്നു.
കാമറ ഒരു അവശ്യോപാധിയായാണ് പലരും കാണുന്നത്. ഉദാഹരണത്തിന് ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1987-88 ബാച്ച് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ ആ സന്തോഷം പ്രകടിപ്പിച്ചത് തങ്ങളുടെ വക ഏതാനും കാമറകള്‍ സ്‌കൂളിന് സമ്മാനിച്ചുകൊണ്ടാണ്. 70,000 രൂപ അവരതിന് ചെലവഴിക്കാന്‍ തയ്യാറായി. സ്‌കൂളിന്റെ 2010ലെ വികസനരേഖയില്‍ നടപ്പാവാതെ കിടന്നിരുന്ന ഒരിനമാണ് ഇതുവഴി അവര്‍ സാധിച്ചുകൊടുത്തതത്രേ.
ഈ അധ്യയനവര്‍ഷം മുതല്‍ കോട്ടയം ജില്ലയിലെ സ്‌കൂളുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കയാണ്. ഏബിള്‍ കോട്ടയം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുക. ആദ്യം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ടാംഘട്ടം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ് അവ സ്ഥാപിക്കുക. സ്‌കൂളുകളും പരിസരവും പൂര്‍ണമായും നിരീക്ഷിക്കുമത്രേ. ഇതോടൊപ്പം അറ്റന്‍ഡന്‍സ് ട്രാക്കിങും ഏര്‍പ്പെടുത്തുന്നുണ്ട്.
നാട്ടുവാര്‍ത്തയ്‌ക്കൊപ്പം ഒരു ചൈനീസ് വാര്‍ത്ത കൂടി പങ്കുവയ്ക്കാം. അത് ഇതിനേക്കാള്‍ ഭയാനകമാണ്. അവിടെ സ്‌കൂളുകളില്‍ കുട്ടികളുടെ മുഖഭാവം മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനമുള്ള കാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. ഏഴു ഭാവങ്ങളാണ് കാമറ തിരിച്ചറിയുക. ദേഷ്യം, ഭയം, മടുപ്പ്, അദ്ഭുതം, സന്തോഷം, ദുഃഖം എന്നിവ. പുതിയ കാമറകള്‍ വന്നതോടെ കുട്ടികള്‍ പുസ്തകം കടം കൊടുക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കൂട്ടുകൂടിയിരിക്കുമ്പോള്‍ പോലും കാമറയിലേക്ക് ഒളിഞ്ഞുനോക്കുന്നുവെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇത്ര പുരോഗതി ഇന്ത്യയിലും നമ്മുടെ കേരളത്തിലും എത്തിയിട്ടില്ലെന്ന് തല്‍ക്കാലം ആശ്വസിക്കാം. കുറച്ചു കാലം മുമ്പ് കേരള സാഹിത്യ അക്കാദമിയുടെ തൃശൂര്‍ ആസ്ഥാനത്ത് ഏതാനും കാമറകള്‍ സ്ഥാപിച്ചു. മറ്റു കാരണങ്ങള്‍ക്കൊപ്പം ക്ലാസില്‍ പോവാതെ അക്കാദമി കാംപസിലെത്തുന്ന സ്‌കൂള്‍ കുട്ടികളെ പിടികൂടാനാണത്രേ അന്നത്തെ ഭരണസമിതി കാമറ വയ്ക്കാന്‍ തീരുമാനിച്ചത്.
എന്തുതന്നെയായാലും കേരളത്തിലെ ക്ലാസ് മുറികളിലെ കാമറ കുട്ടികളില്‍ മാനസിക പിരിമുറുക്കമുണ്ടാക്കുന്നുവെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേത്തുടര്‍ന്ന് കാമറകള്‍ ഉടന്‍ ഉപേക്ഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശത്തോട് സ്‌കൂളുകളുടെ മനോഭാവം അത്ര ഗുണകരമല്ല.                                ി                                                 ി
Next Story

RELATED STORIES

Share it