malappuram local

സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടേണ്ടതില്ല

തേഞ്ഞിപ്പലം: സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടേണ്ടതില്ലെന്ന് സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനം. ഇന്നലെ രാത്രി വൈകിയും തുടര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരമാനമെടുത്തത്. സര്‍വകലാശാല അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്‍ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനങ്ങളിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമല്ല എന്ന നിലപാട് സിന്‍ഡിക്കേറ്റ്  അംഗീകരിക്കുകയായിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അറിയാതെ സര്‍വ്വകലാശാലയിലെ സെ ല്‍ഫ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ് ഇറക്കിയത്  സിന്‍ഡിക്കേറ്റ് ചോദ്യം ചെയ്തതായി സിന്‍ഡിക്കേറ്റ് അംഗം കെ കെ ഹനീഫ വ്യക്തമാക്കി. ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥനോട് സിന്‍ഡിക്കേറ്റ് വിശദീകരണം തേടി.
വര്‍ഷങ്ങളായി സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും മാര്‍ച്ച് 31ന് പിരിച്ചുവിടാനായിരുന്നു നീക്കം. ഈ സാഹചര്യത്തിലാണ് കരാര്‍ ജീവനക്കാരും അധ്യാപകരും രംഗത്തിറങ്ങിയത്. 2017 ഏപ്രിലില്‍ സംസ്ഥാന ധനകാര്യ വകുപ്പ് കരാര്‍ ജീവനക്കാരുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് കാലിക്കറ്റ് സര്‍വകലാശാലയും പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിച്ചത്.
സിഎല്‍ആര്‍ തൊഴിലാളികളുടെ സ്ഥിരനിയമനത്തിന് രണ്ട്‌വര്‍ഷംമുമ്പ് ഇന്റര്‍വ്യൂ നടത്തി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. നിലവിലുള്ള  അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് കരാര്‍ നിയമനവും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് സ്ഥിര നിയമനവും നടത്താനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ യുഡിഎഫ് സിന്‍ഡിക്കറ്റിന്റെ കാലത്താണ് നിലവിലുള്ള ഒഴിവുകളിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ഇതില്‍ 1100 പേര്‍ മെയ്ന്‍ ലിസ്റ്റിലും 500 പേര്‍ സപ്പിമെന്റ്‌ലിസ്റ്റിലുമായിരുന്നു ഉണ്ടായിരുന്നത്.  324 പേര്‍ക്ക് നേരത്തെ നിയമനം നല്‍കി  ഇതിനു ശേഷമാണ് സര്‍വകലാശാല യിലെ എല്ലാ നിയമനങ്ങളും പിഎസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. ശേഷം അസിസ്റ്റന്റുമാരുടെ പിഎസ് സി അംഗീകരിച്ച ലിസ്റ്റ് നിലവില്‍ വന്നു.
സര്‍വകലാശാലയും പിഎസ്‌സി തയ്യാറാക്കിയ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്‌നിലവിലുണ്ടായതിനാല്‍ ഏതില്‍ നിന്ന് നിയമനം നല്‍കണമെന്ന് അവ്യകതയായിരുന്നു. ഇരുവിഭാഗം ഉദ്യോഗാര്‍ത്ഥികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പിഎസ്‌സി ലിസ്റ്റിലുള്ളവര്‍ക്ക് സ്ഥിരനിയമനവും സര്‍വകലാശാല ലിസ്റ്റിലുള്ളവര്‍ക്ക് കരാര്‍ നിയമനം നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it