Flash News

സ്വാശ്രയ മെഡിക്കല്‍ ഫീസ് : മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയിലേക്ക്



തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിര്‍ണയത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് അസോസിയേഷന്‍ വീണ്ടും കോടതിയിലേക്ക്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ അന്തിമ ഫീസ് നിര്‍ണയത്തിലെ പോരായ്മകളാണ് മാനേജ്‌മെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വിഷയത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷിചേരുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വ്യക്തമാക്കി. നേരത്തേ സുപ്രിംകോടതിയില്‍ ഉണ്ടായിരുന്ന കേസിലും അസോസിയേഷന്‍ കക്ഷിചേര്‍ന്നിരുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് റഗുലേറ്ററി കമ്മിറ്റി കെഎംസിടി മെഡിക്കല്‍ കോളജിന് മാത്രമാണ് ഇതുവരെ അന്തിമ ഫീസ് നിര്‍ണയിച്ചത്. ഈ അധ്യയനവര്‍ഷത്തില്‍ വാര്‍ഷിക ഫീസായി 4,80,000 രൂപയാണ് കമ്മിറ്റി നിശ്ചയിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഫീസിനേക്കാള്‍ 1,70,000 രൂപയാണ് ഇത്തവണ കുറച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നു കാണിച്ചാണ് അസോസിയേഷന്‍ കോടതിയെ സമീപിക്കുക. കെഎംസിടിയുടെ ഫീസ്ഘടന തന്നെ മറ്റു കോളജുകളിലും കമ്മിറ്റി പിന്തുടരുമെന്ന വിലയിരുത്തലിലാണ് നിയമപോരാട്ടത്തിന് അസോസിയേഷന്‍ രംഗത്തെത്തുന്നത്. പുതിയ ഫീസ് അപ്രായോഗികമാണ്. കുറഞ്ഞ ഫീസ് ഈടാക്കിയാല്‍ കോളജുകള്‍ പൂട്ടേണ്ട സ്ഥിതി വരുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്ക് പരിശോധിച്ചാല്‍ ശരാശരി ആറരലക്ഷം രൂപ ഒരു വിദ്യാര്‍ഥിയില്‍ നിന്ന് ഈടാക്കിയിരുന്നു. ഇതിന് താഴേക്കുള്ള ഒരു നിരക്കും അംഗീകരിക്കില്ലെന്നാണ് എംഇഎസിന്റെയും നിലപാട്. ഏഴു ലക്ഷമെങ്കിലും ഫീസ് ലഭിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടം മാനേജ്‌മെന്റ് നേരിടുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ തുടക്കം മുതല്‍ നിയമപോരാട്ടത്തിലാണ് മാനേജ്‌മെന്റുകളെങ്കിലും സര്‍ക്കാരുമായി ആദ്യമുണ്ടാക്കിയ കരാര്‍പ്രകാരം 6,20,000 രൂപ വാര്‍ഷിക ഫീസായി അംഗീകരിച്ചിരുന്നു. എന്നാല്‍ കെഎംസിടിയിലെ ഫീസ് നിര്‍ണയം കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 31നകം മുഴുവന്‍ സ്വാശ്രയ കോളജുകളിലെയും ഫീസ് നിര്‍ണയം പൂര്‍ത്തിയാക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. എന്നാല്‍, നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ ഫീസ് നിര്‍ണയം വൈകാനാണ് സാധ്യത.
Next Story

RELATED STORIES

Share it