Districts

സ്വാമി ശാശ്വതീകാനന്ദയുടെ മരണം: ബിജു രമേശിന് രാഷ്ട്രീയലക്ഷ്യം

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ശാശ്വതീകാനന്ദ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്നു സംശയിക്കുന്നതായും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ അതാണു തെളിയിക്കുന്നതെന്നും സഹോദരനും ശ്രീനാരായണ ധര്‍മപ്രചാരസഭ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജേന്ദ്രന്‍. സ്വാഭാവികമരണമാണെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ ഇനി സി.ബി.ഐ. അന്വേഷണമാണ് അനിവാര്യം.

മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. സത്യം ഒരുകാലത്തും മൂടിവയ്ക്കാന്‍ കഴിയില്ല. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ഇപ്പോള്‍ പറയുന്നതുതന്നെ സ്വാഭാവികമരണമല്ലെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. തേജസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വാമി മരണപ്പെട്ട് 12വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. പല കാരണങ്ങളാല്‍ കേസന്വേഷണം നീട്ടിക്കൊണ്ടുപോയതില്‍ത്തന്നെ ദുരൂഹതയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമായിരുന്നില്ല. സ്വാമിയുടെ സഹായിയായ സാബുവിനു മരണം എങ്ങനെയാണു നടന്നതെന്നു വ്യക്തമായറിയാം. മരണസമയത്തും സാബു സ്വാമിയോടൊപ്പമുണ്ടായിരുന്നു.

എന്നാല്‍, സ്വാമി മരിച്ചശേഷം സാബു അപ്രത്യക്ഷനായി. ശിവഗിരിയില്‍ പോയെന്ന സാബുവിന്റെ മൊഴി അംഗീകരിക്കാനാവില്ല. സാബുവിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തില്ല. സഹോദരി ശാന്തകുമാരിയുടെ ആവശ്യപ്രകാരം സാബുവിനെയും ഡ്രൈവര്‍ സുഭാഷിനെയും നുണപരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും സാബു സുപ്രിംകോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാബുവിന് സുപ്രിംകോടതിയില്‍ പോവുന്നതിന് വെള്ളാപ്പള്ളി അടക്കമുള്ള ഉന്നതരുടെ സഹായം ലഭിച്ചേക്കാം. കേസൊതുക്കാനുള്ള പ്രത്യുപകാരമായിട്ടാവാം സാബുവിന് ഇപ്പോള്‍ വര്‍ക്കല പാപനാശത്തെ നക്ഷത്രഹോട്ടലിന്റെ മാനേജര്‍ പദവി നല്‍കിയിരിക്കുന്നത്. സാബുവില്‍നിന്നു സത്യം പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയപ്പെട്ടിരുന്നു. ശാശ്വതികാനന്ദയുടെ മരണമുണ്ടായിട്ടും ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യമുണ്ടായില്ല.

സ്വാമിയുടെ പരിചാരകനായിരുന്ന സൂക്ഷ്മാനന്ദസ്വാമി അന്വേഷണത്തിന്റെ കാര്യത്തില്‍ അയഞ്ഞമട്ടിലായിരുന്നു. സാബുവിനെ പിന്തുണച്ചാണ് അന്ന് സംസാരിച്ചത്. ഇപ്പോഴാണ് സൂക്ഷ്മാനന്ദ സി.ബി. ഐ. അന്വേഷണത്തിന്റെ കാര്യം പറയുന്നത്. മരണദിവസം ആലുവയിലേക്കു പോവുമ്പോ ള്‍ വഴിയില്‍നിന്ന് സൂക്ഷ്മാനന്ദയും വാഹനത്തില്‍ക്കയറി. ശാശ്വതികാനന്ദയുടെ കാലം കഴിഞ്ഞാ ല്‍ സൂക്ഷ്മാനന്ദസ്വാമിയാണ് ആ സ്ഥാനത്ത് വരേണ്ടിയിരുന്നത്. സ്വാമി ഒഴിവാകേണ്ടത് പലരുടെയും ആവശ്യമായിരുന്നു. ഇത്തരമൊരു സ്ഥാനത്തിരിക്കുമ്പോള്‍ അത് സ്വാഭാവികമാണെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇടതു-വലത് സര്‍ക്കാരുകളുടെ കാലത്ത് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന തടസ്സവാദമുന്നയിക്കുകയായിരുന്നു. കൊലപാതകത്തിനു തെളിവില്ലാത്തതിനാലാണു സ്വാഭാവികമരണമെന്ന് റിപോര്‍ട്ട് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇപ്പോള്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവായി സ്വീകരിച്ച് സി.ബി. ഐ. അന്വേഷണം നടത്തുകയാണ് വേണ്ടത്. ഇതിനായി കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് സി.ബി. ഐ. അന്വേഷണ ആവശ്യമുന്നയിച്ചശേഷം പിന്നാക്കംപോയ ബിജു രമേശ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണ്.

നേരത്തെ സി.ബി.ഐ. അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്രത്തില്‍ ബി.ജെ.പി. ഭരിക്കുന്നതിനാല്‍ സി.ബി.ഐ. അന്വേഷണത്തിലൂടെ നീതിലഭിക്കുമെന്ന് ഉറപ്പില്ല. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി കേന്ദ്രത്തില്‍പ്പോയി ധാരണയുണ്ടാക്കിയെന്നു സംശയമുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it