സ്വര്‍ഗവാതില്‍ തുറക്കാന്‍ സമയമായി; പുനത്തില്‍ യാത്രയായി



ശ്രീകുമാര്‍ നിയതി

കോഴിക്കോട്: കാരക്കാട്ടു നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോള്‍ തറവാട്ടുവീടിന്റെ മുറ്റത്ത് ഒരു ചെടി, തലേന്നു പെയ്ത കാറ്റിലും മഴയിലുംപെട്ടാവണം ചരിഞ്ഞു വീണിരുന്നു. അതിലെ പൂവുകള്‍ നിരാലംബമായി അങ്ങനെ ചിതറിക്കിടക്കുന്നു. അശ്രദ്ധമായി ചെടിയുടെ വേരുകളില്‍ ചവിട്ടിയപ്പോള്‍ ഉപ്പ പിറകില്‍ നിന്ന് പിടിച്ചുവലിച്ചു. മോനേ, വേരുകള്‍ നശിച്ചിട്ടില്ല. കുഴിച്ചിട്ടാല്‍ ഇനിയും ആ ചെടി പൂക്കും...പിതാവിന്റെ ആ വാക്കുകള്‍ തന്റെ ബദല്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മലയാളിയുടെ കുഞ്ഞിക്കയ്ക്ക് പൂവിനോടും പൂക്കളോടുമുള്ള പ്രണയത്തേക്കാള്‍ ആ വേരുകളോടുള്ള ഇഷ്ടമായിരിക്കണം പിന്നീട് തന്റെ രചനകള്‍ക്കായി വേരുകള്‍ തേടി അലഞ്ഞിരിക്കുക. പ്രസിദ്ധമായ തന്റെ സ്മാരക ശിലകളും വേരുകള്‍ തേടിയുള്ള ഒരുതരം ഭൂമി കുഴിക്കലായിരുന്നുവല്ലോ. ഏതു കാര്യത്തിലും ഫലിതം കലര്‍ന്നുള്ള എഴുത്തും പറച്ചിലും വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളോട് ഒട്ടിനിന്നുവെന്നതാവണം സുഹൃത്തും കഥാകാരനുമായ എം മുകുന്ദന്‍ കുഞ്ഞബ്ദുല്ലയെ ബഷീറിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ചത്. പുതുതലമുറയ്ക്ക് രുചിച്ചിറക്കാന്‍ പ്രയാസമായിരുന്ന തന്റെ അലിഗഡ് ജീവിതം പറയുന്ന അലിഗഡിലെ തടവുകാരുടെ പ്രമേയം പക്ഷേ, അന്നത്തെ പുതിയ വായനക്കാര്‍ ഏറ്റെടുത്തത് കഥപറയുന്ന രീതിയില്‍ അദ്ദേഹം സ്വീകരിച്ച സത്യസന്ധവും ലളിതവുമായ ശൈലിയാവാം. കലാലയ ഹോസ്റ്റലുകളില്‍ തങ്ങളുടെ മുറികളില്‍ പുസ്തകശേഖരങ്ങള്‍ ഒരുക്കുന്ന ഒരു കാലം കൂടിയായതിനാല്‍ അവര്‍ ആദ്യം വാങ്ങിയ പുസ്തകങ്ങളില്‍ ഒന്ന് അലിഗഡിലെ തടവുകാരായിരുന്നു. അരാജകമായ ബാല്യ-കൗമാരങ്ങള്‍ കടന്നു വന്ന കുഞ്ഞബ്ദുല്ല അനുഭവങ്ങളുടെ സമ്പത്തിനുടമയായതുകൊണ്ടാണു തന്റെ രചനകളില്‍ 50 ശതമാനം സത്യവും ബാക്കി കള്ളവുമാണെന്ന് പറഞ്ഞതും. വിസ്്മയകരമായ ഭാവനാ ഭൂമികയായിരുന്നു കുഞ്ഞബ്ദുല്ലയുടെ പുസ്തകത്താളുകള്‍. ചാരുതയോടെ, എന്നാല്‍ ലളിതമായിരുന്നു ആ വാക്കുകള്‍. ആ വാക്കുകള്‍ക്കാവട്ടെ തലമുറകളുടെ വിടവുണ്ടായതുമില്ല. സ്വാതന്ത്ര്യം ആണ് ഒരു മനുഷ്യന് ഏറ്റവും അനിവാര്യമായ കാര്യമെന്നു പറയുന്ന കുഞ്ഞബ്ദുല്ല ആ സ്വാതന്ത്ര്യമാണു താന്‍ കൊണ്ടാടുന്നതെന്നും പറഞ്ഞു. അല്ലാതെ തന്റെ ജീവിതം അരാജകമെന്നു പറയുന്നതില്‍ അര്‍ഥമില്ല. ഓരോ മനുഷ്യനും തന്നെക്കുറിച്ച് പറഞ്ഞതിനോടൊന്നും തനിക്ക് എതിര്‍പ്പില്ല. അത് സമൂഹത്തിന്റെ അവകാശമാണ്. ആളുകളെ നേര്‍വഴിക്കു നടത്താന്‍ ഞാനൊരു പാതിരിയല്ല. മൊല്ലാക്കയുമല്ല- പല അഭിമുഖങ്ങളിലും ചര്‍ച്ചകളിലും അദ്ദേഹം പറഞ്ഞു. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ജീവിതം സന്ദേശമാണെന്നു ഞാന്‍ പറയില്ല. അത് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പുനത്തിലിന്റെ ബദല്‍ ജീവിതം എന്ന പരമ്പരയിലെ കാര്യങ്ങള്‍ തന്നെയാണ് എനിക്ക് എന്നും പറയാനുള്ളത്. അതായിരുന്നു പലപ്പോഴും അഭിമുഖങ്ങള്‍ക്കായി തന്നെ സമീപിച്ചവരോട് പറഞ്ഞിരുന്നത്. ബദല്‍ ജീവിതത്തില്‍ നിന്ന്1940 ഏപ്രില്‍ മൂന്നിന് പുനത്തില്‍ കുഞ്ഞബ്്ദുല്ല ജനിച്ചു. ഉമ്മ: സൈന. ഉപ്പ: മമ്മു. ഉന്‍മാദത്തിന്റെ കസവുതട്ടം ധരിച്ച സ്ത്രീയായിരുന്നു ഉമ്മ. ഒരുതരം ഭ്രമാത്്മകത:  സ്വപ്‌നലോകത്തിലൂടെ സദാ സഞ്ചരിച്ചവള്‍....ഒരാള്‍ ഭ്രാന്തനായിത്തീരുന്നതെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഒരാള്‍ എഴുത്തുകാരനായിത്തീരുന്നത്. വാക്കുകളില്‍ സര്‍ഗാത്മകതയുടെ കുപ്പായമിടീക്കുന്ന ഭ്രാന്തനാണ് എഴുത്തുകാരന്‍. വാക്കില്‍ സംഗീതത്തിന്റെ കുപ്പായമിടീക്കുന്ന ഭ്രാന്തന്‍ പാട്ടുകാരനായിത്തീരുന്നു. വാക്കില്‍ വര്‍ണങ്ങള്‍ നിറയ്ക്കുന്നവനാരോ അവന്‍ ചിത്രകാരന്‍. കുട്ടിക്കാലം തൊട്ടേ തുടങ്ങുന്ന മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണു പില്‍ക്കാലത്ത് അയാള്‍ എന്തായിത്തീരുന്നുവോ അതാക്കിതീര്‍ക്കുന്നത്. അതായത്, കുട്ടിത്തത്തിന്റെ വേരിലാണ് ഭാവിയുടെ പുഷ്പിക്കല്‍. ഒരു അരാജക ബാല്യത്തിലൂടെ കടന്നുപോയ ആള്‍ വലുതാവുമ്പോള്‍ വൈവിധ്യമുള്ള, ഭ്രമാത്മകമായ, പേരിടാനാവാത്ത പൂക്കളുള്ള വൃക്ഷമായിത്തീരുന്നു. ഫക്കീര്‍ അതാണല്ലോ പറഞ്ഞത്. ചുമന്നു നടക്കാന്‍ ഒരു വീടെന്തിന്? ഭക്ഷണത്തിലെ ഒരു നവോത്ഥാന പ്രസ്ഥാനമായിരുന്നു ബിരിയാണി. അതിനും മുമ്പ് നെയ്‌ച്ചോറായിരുന്നു എവിടെയും. നെയ്‌ച്ചോറിന് അലംഘനീയമായ ഒരു സ്‌ത്രൈണതയുണ്ട്. ബിരിയാണിയുടെ കടന്നുവരവോടെ നെയ്‌ച്ചോറും മൂരിയിറച്ചിയും വിശേഷ ദിവസങ്ങളില്‍ നിന്നു മാറി. ബിരിയാണി ഗംഭീരമായ വരവ് വന്നു. അത് മുസ്‌ലിം പാചകകലയുടെ സുവര്‍ണകാലത്തിന് തുടക്കമിട്ടു. ഇങ്ങിനെയൊക്കെയുള്ള വാക്കുകളിലൂടെ ബിരിയാണിയുടെ പരിണാമകഥ പറയുമ്പോഴും ഒരു സംസ്‌കാരത്തിന്റെ വേരുകളാണ് എഴുത്തുകാരന്‍ തിരഞ്ഞു പോവുന്നത്. കുഞ്ഞബ്ദുല്ല സ്വര്‍ഗമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ പക്ഷത്താണ്. അതുകൊണ്ട് ഇപ്പോള്‍ സ്വര്‍ഗവാതില്‍ തുറക്കുന്ന സമയമായിരിക്കും.
Next Story

RELATED STORIES

Share it