Editorial

സ്വയം മറക്കുന്ന നീതിപീഠങ്ങള്‍



രാജ്യത്തിന്റെ ഭരണഘടനയും അംഗീകൃത നിയമങ്ങളും അനുസരിച്ച് പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്‍പിക്കുകയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക് അനുസൃതമായി നിയമങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്ത് കോടതികള്‍ നിര്‍വഹിച്ചുവരുന്ന ദൗത്യം. പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ഭരണകൂടങ്ങള്‍ തന്നെ നിയമലംഘകരായി മാറുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാം. ഇത്തരം ഘട്ടങ്ങളില്‍ പൗരന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ മുമ്പിലുള്ള പ്രതീക്ഷയുടെ ഏക തുരുത്താണ് കോടതികള്‍. ഭരണകൂടം വഴിമാറി സഞ്ചരിക്കാന്‍ ശ്രമിച്ച പല ഘട്ടങ്ങളിലും ഇന്ത്യയിലെ കോടതികള്‍ നിര്‍ണായകമായ ഇടപെടലിലൂടെ തങ്ങളുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആര്‍ജവം കാണിച്ചിട്ടുണ്ട്. എന്നാല്‍, കോടതികളില്‍ നിന്നുതന്നെ മറിച്ചുള്ള അനുഭവങ്ങളും വിരളമല്ല. ജഡ്ജിമാര്‍ തങ്ങളുടെ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ മൂലം സ്വന്തം ഉത്തരവാദിത്തം മറന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി ഒരാള്‍ക്ക് ഏതു വിശ്വാസവും സ്വീകരിക്കുന്നതിനും സ്വകാര്യമായി ആചരിക്കുന്നതിനും രാജ്യത്തോ ലോകത്തോ തടസ്സങ്ങളൊന്നുമില്ല. അത്തരം വിശ്വാസങ്ങള്‍ അയാളുടെ മാത്രം സ്വകാര്യ ആസ്തിയായി നിലനില്‍ക്കുന്നിടത്തോളം സമൂഹത്തില്‍ ആര്‍ക്കും പ്രത്യേകിച്ചു പരാതികളും ഉണ്ടാവാനിടയില്ല. എന്നാല്‍, ഒരാള്‍ തന്റെ വിശ്വാസപ്രമാണങ്ങളും തെറ്റിദ്ധാരണകളും രാജ്യത്തിന്റെ നിയമമായി വ്യാഖ്യാനിക്കാനും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനും ശ്രമിച്ചാല്‍ രാജ്യത്ത് അരാജകത്വം മാത്രമേ അതു സൃഷ്ടിക്കുകയുള്ളൂ. ഈയിടെ നടന്ന ചില കോടതിവിധികള്‍ ഇത്തരം ദുസ്സൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും പശുവിനെ കൊല്ലുന്നതിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ പ്രസ്തുത വിധിയുടെ പ്രേരകം എന്താണെന്ന് പിന്നീട് പത്രക്കാരോട് വ്യക്തമാക്കുന്നുണ്ട്. പശുവിനെ പൂജിക്കുന്ന ശിവന്റെ ഭക്തനാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞതായി പത്രങ്ങളില്‍ വന്ന വിവരങ്ങള്‍ ഒരു മനുഷ്യനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മനോനില അറിയാന്‍ പര്യാപ്തമാണ്. ആണ്‍മയിലുകള്‍ നിത്യബ്രഹ്മചാരികളാണെന്നും അവയുടെ കണ്ണീരില്‍ നിന്നാണ് വംശവര്‍ധനയുണ്ടാവുന്നത് എന്നുമുള്ള മൊഴിമുത്തുകള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ചു. കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിലും പൗരന്റെ നിയമപരമായ അവകാശ സംരക്ഷണമെന്ന അടിസ്ഥാനപരമായ ഉത്തരവാദിത്തത്തേക്കാള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കാനുള്ള താല്‍പര്യമാണ് പ്രകടമാവുന്നത്. ഉത്തരവ് ശരിക്കും വായിക്കാതെയാണ് പല സംസ്ഥാന സര്‍ക്കാരുകളും ഉത്തരവിനെതിരേ പ്രതികരിക്കുന്നതെന്നു തോന്നും ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം കേട്ടാല്‍. രാജ്യത്തെ നിയമവാഴ്ച തകര്‍ക്കുന്ന തരം നടപടികളുമായി ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും മുന്നോട്ടുപോവുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ.
Next Story

RELATED STORIES

Share it