Flash News

സ്വത്ത് ബന്ധുക്കള്‍ കൈയടക്കി ; വല്‍സല ടീച്ചര്‍ തെരുവിലെത്തി



പൊന്നാനി: മൂത്ത സഹോദരിയും കുടുംബവും സ്വത്തുക്കള്‍ കൈയടക്കി വഴിയാധാരമാക്കി. വൈകി ജനിച്ച മകനെ ഒരുപാടു സ്‌നേഹിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. സംശയരോഗിയായ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചു- തമ്പാനൂരിലെ തെരുവോരത്തു താന്‍ ഒരു നേരത്തെ അന്നം തേടാന്‍ കാരണമായ സാഹചര്യം മലപ്പുറം ഇസ്‌ലാഹിയ സ്‌കൂള്‍ അധ്യാപികയായിരുന്ന വല്‍സല ടീച്ചര്‍ വെളിപ്പെടുത്തിയത് ഇങ്ങനെ. തമ്പാനൂരില്‍ തെരുവോരത്ത് നിന്നും വിദ്യ എന്ന യുവതിയും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യാ എസ് അയ്യരും സുരക്ഷയുടെ തണലിലേക്കെത്തിച്ച വല്‍സല ടീച്ചര്‍ ആളാകെ മാറിയിരിക്കുന്നു. ടീച്ചര്‍ എങ്ങനെ തെരുവിലെ ദുഃഖപുത്രിയായി. നല്ലൊരു സ്‌കൂളില്‍ നിന്ന് മികച്ച വ്യക്തികളെ സമ്മാനിച്ച് സന്തോഷവതിയായാണു വത്സല ടീച്ചര്‍ സ്വന്തം നാട്ടിലേക്കു തിരിച്ചത്്. ടീച്ചര്‍ക്ക് ഇന്ന് ആരുമില്ല. വൈകിയുണ്ടായ മകന്‍ ഇനിയും അമ്മയെ തിരിഞ്ഞുനോക്കുന്നില്ല. തെരുവിലെ അധ്യാപികയുടെ കഥയറിഞ്ഞ വിദ്യ ഇപ്പോഴും ആശ്വാസവുമായി ഈ അമ്മയുടെ അടുത്തെത്തുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ അവര്‍ ഓര്‍ത്തെടുക്കുന്നു.ഭര്‍ത്താവും മകനും ജീവിച്ചിരിപ്പുണ്ടെങ്കിലും തന്നെ തെരുവിലാക്കിയ ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്ന്് ഈ അമ്മ ആഗ്രഹിക്കുന്നില്ല. അവരെ കണ്ടെത്തി വല്‍സല ടീച്ചറുമായി അടുപ്പിക്കാനാണു ശ്രമം. സാമൂഹിക മാധ്യമങ്ങൡും പത്രങ്ങളിലും വാര്‍ത്ത വന്നതിനു ശേഷവും ബന്ധുക്കളാരും ഇതുവരെ ടീച്ചറെ തേടിയെത്തിയിട്ടില്ല.സംശയരോഗിയും മദ്യപാനിയുമായ ഭര്‍ത്താവ് ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മകന് നല്‍കുന്ന പ്രത്യേക പരിഗണന പ്രൈമറി ക്ലാസിലെ സഹപാഠി ഓര്‍ക്കുന്നു. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കുടുംബവും സ്‌കൂളുമായി മലപ്പുറത്തെ അധ്യാപക ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയ ടീച്ചര്‍ക്ക് സ്വന്തം നാടും വീടും കൂടുതല്‍ ശ്രദ്ധിക്കാനായില്ല. അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച് അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും കുടുംബവീട് എഴുതി വാങ്ങിയത് ടീച്ചര്‍ അറിഞ്ഞില്ല. ജോലിയില്‍ നിന്നു വിരമിച്ച് തിരിച്ചെത്തിയ ടീച്ചര്‍ക്ക് വീടില്ലാതായി. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനറായ ടീച്ചര്‍ക്ക് മാസം ഏതാണ്ട് 5,000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. 2015 വരെ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആയിരുന്നു. പിന്നീടുള്ള കാര്യം വ്യക്തമല്ല. തിരുവനന്തപുരത്തു റെയില്‍വേയില്‍ ജോലി ചെയ്യുന്നതായി ടീച്ചര്‍ പറയുന്ന മകനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പേട്ടയിലുള്ള കുടുംബവീട് തിരിച്ചുകിട്ടുന്നതു വരെ നഗരസഭയുടെ സംരക്ഷണയില്‍ ഇപ്പോഴുള്ള വൃദ്ധസദനത്തില്‍ കഴിയാനാണു ടീച്ചര്‍ക്ക് താല്‍പര്യം. മാവേലിക്കരയിലുള്ള ഭര്‍ത്താവിന് തന്നോട് സ്്‌നേഹമുണ്ടെന്നും ഉടനെ തിരിച്ചുവരുമെന്നും ടീച്ചര്‍ പറയുന്നു. ടീച്ചറുടെ വാക്കുകളില്‍ ഇപ്പോഴും അവശേഷിക്കുന്ന അവ്യക്തതകളുടെ ചുരുളഴിക്കാനാണു വിദ്യയും സുഹൃത്തുക്കളും ഇപ്പോള്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it