Life Style

സ്മിതയുടെ തിരോധാനം: സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ദുബയില്‍ ഭര്‍ത്താവിനടുത്തെത്തി മൂന്നാം ദിവസം കാണാതായ ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനം സംബന്ധിച്ചു സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ഫലപ്രദമായ അന്വേഷണത്തിന് സിബിഐയെ കേസ് ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
സംസ്ഥാന പോലിസിന്റെ അന്വേഷണം ഈ കേസില്‍ തൃപ്തികരമാണ്. എന്നിരുന്നാലും വിദേശത്തുള്ള സംഭവമായതിനാല്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്കു പരിമിതിയുണ്ടെന്നും അതിനാല്‍ പ്രധാന ഏജന്‍സിയായ സിബിഐ കേസ് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണം. സിബിഐക്ക് നിലവില്‍ നിരവധി ജോലിഭാരമുണ്ടെങ്കിലും വിദേശത്തുള്ള കേസായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ തുടര്‍ച്ചയായി അന്വേഷണം നടത്തണമെന്നു കോടതി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് പള്ളുരുത്തി പോലിസ് അറസ്റ്റ് ചെയ്ത സ്മിതയുടെ ഭര്‍ത്താവ് ആന്റിയെന്ന സാബു പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. പള്ളുരുത്തി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കുറ്റവിമുക്തനാണോയെന്നു വ്യക്തമാവാതെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്മിതയുടേതെന്നു കരുതുന്ന മൃതദേഹം നാലു മാസം മുമ്പ് ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയെങ്കിലും തുടര്‍നടപടികളൊന്നും ക്രൈംബ്രാഞ്ച് സ്വീകരിച്ചില്ലെന്നും പിതാവ് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ പരിമിതിമൂലമാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഉള്‍പ്പെട്ട ദേവയാനി എന്ന സ്ത്രീ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴികളില്‍ നിന്ന് ഇവര്‍ക്ക് ഈ സംഭവുമായി ബന്ധമുണ്ടോയെന്നു സംശയിക്കപ്പെടേണ്ടതാണ്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി.
2005 സപ്തംബര്‍ മൂന്നിനാണ് സ്മിതയെ ഷാര്‍ജയില്‍ കാണാതായത്. ഷാര്‍ജയിലെ ആശുപത്രി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്മിതയുടേതാണെന്നു മാതാപിതാക്കള്‍ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നു കോടതി നിര്‍ദേശിച്ചു. കൂടാതെ സ്മിത എഴുതിവച്ചതെന്ന രീതിയില്‍ ഭര്‍ത്താവ് വീട്ടുകാരെ കാണിച്ച കത്ത് ഭര്‍ത്താവ് തന്നെ എഴുതിയതാണെന്നാണു നിഗമനം. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം.
Next Story

RELATED STORIES

Share it