Sports

സ്പാനിഷ് ലീഗ് കിരീടം: ബാഴ്‌സ തന്നെ രാജാക്കന്‍മാര്‍

സ്പാനിഷ് ലീഗ് കിരീടം: ബാഴ്‌സ തന്നെ രാജാക്കന്‍മാര്‍
X
barzalona

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ രാജാക്കന്‍മാര്‍ തങ്ങളാണെന്ന് ഒരിക്കല്‍ കൂടി ബാഴ്‌സ തെളിയിച്ചു. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബാഴ്‌സ കിരീടം കൈക്കലാക്കുകയായിരുന്നു. ഇന്നലെ നടന്ന ലീഗ് സീസണിലെ അവസാന റൗണ്ട് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയാണ് ബാഴ്‌സ ചാംപ്യന്‍പട്ടം തങ്ങളുടെ ഷെല്‍ഫില്‍ തന്നെ നിലനിര്‍ത്തിയത്.
എവേ മല്‍സരത്തില്‍ ഗ്രാനഡയെ തകര്‍ത്താണ് ബാഴ്‌സയുടെ കിരീടനേട്ടം. ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാറസ് ഹാട്രിക്കുമായി മിന്നിയപ്പോള്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. ഈ വിജയത്തോടെ കിരീടപ്പോരില്‍ ഭീഷണി ഉയര്‍ത്തിയ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ ഒരു പോയിന്റിന് പിന്തള്ളി ബാഴ്‌സ ലീഗിലെ 24ാം കിരീടം സ്വന്തമാക്കുകയായിരുന്നു.
ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ റയലും വിജയക്കൊടി നാട്ടിയിരുന്നു. എവേ മല്‍സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോ ലാ കൊരുണയെയാണ് റയല്‍ പരാജയപ്പെടുത്തിയത്. റയലിനു വേണ്ടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി.
38 മല്‍സരങ്ങളില്‍ നിന്ന് 29 ജയവും നാല് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 91 പോയിന്റാണ് ബാഴ്‌സ സ്വന്തമാക്കിയത്. രണ്ടാമതുള്ള റയല്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 28 ജയവും ആറ് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 90 പോയിന്റ് നേടി. ഇരു ടീമും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതിനാല്‍ ഇന്നലത്തെ പോരാട്ടങ്ങള്‍ ഫൈനലിന് തുല്ല്യമാവുകയായിരുന്നു.
ഗ്രാനഡയ്‌ക്കെതിരേ 22, 38, 86 മിനിറ്റുകളിലാണ് സുവാറസ് ലക്ഷ്യംകണ്ടത്. ഇതോടെ 40 ഗോളുകളുമായി ലീഗിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സുവാറസ് സ്വന്തമാക്കി. 35 ഗോളുകളുമായി ക്രിസ്റ്റിയാനോയാണ് സുവാറസിന് പിറകിലായി രണ്ടാം സ്ഥാനത്തെത്തിയത്. ബാഴ്‌സയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും (26 ഗോള്‍) നെയ്മറുമാണ് (24) ഗോള്‍വേട്ടയില്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത്.
ഡിപോര്‍ട്ടീവോയ്‌ക്കെതിരേ ഏഴ്, 25 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോ റയലിനു വേണ്ടി നിറയൊഴിച്ചത്.
Next Story

RELATED STORIES

Share it