kannur local

സ്ഥിരം വിസി ഇല്ല : കണ്ണൂര്‍ സര്‍വകലാശാല നാഥനില്ലാ കളരി



കണ്ണൂര്‍: സ്ഥാനമേറ്റതു മുതല്‍ വിവാദമൊഴിയാതിരുന്ന ഡോ. എം കെ അബ്്ദുല്‍ ഖാദര്‍ മാങ്ങാട് വിരമിച്ച ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കാത്തത് ഭരണപ്രതിസന്ധിക്കു കാരണമാവുന്നു. പരീക്ഷാസമയം അടുത്തിട്ടും സര്‍വകലാശാലയില്‍ വിസി നിയമനം വൈകുന്നത് വിദ്യാര്‍ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കും ദുരിതമുണ്ടാക്കുന്നുണ്ട്. എം കെ അബ്്ദുല്‍ഖാദര്‍ വിരമിച്ച ശേഷം കഴിഞ്ഞ ഏഴ് മാസമായി എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ അധികചുമതല. സാധാരണയായി തൊട്ടടുത്തുള്ള സര്‍വകലാശാലകളിലെ വിസിമാര്‍ക്കാണ് താല്‍ക്കാലിക ചുമതല നല്‍കാറുള്ളത്. കണ്ണൂരില്‍ കാലിക്കറ്റ്, വെറ്ററിനറി, മലയാളം, സര്‍വകലാശാലകളിലെ വിസിമാരെ പരിഗണിക്കാതെയാണ് എഴ് ജില്ലകള്‍ കഴിഞ്ഞുള്ള എംജി സര്‍വകലാശാല വിസിക്ക് ചുമതല നല്‍കിയത്. കാലിക്കറ്റ് വിസി വിരമിച്ചപ്പോള്‍ കണ്ണൂര്‍ വിസിയായിരുന്ന ഡോ. എം കെ അബ്്ദുല്‍ ഖാദര്‍ മാങ്ങാടിനാണു ചുമതല നല്‍കിയിരുന്നത്. യുജിസി ചട്ടങ്ങളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് വിസി നിയമനം നീളുന്നത്. മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്് ഡോ. ബാബു സെബാസ്റ്റ്യര്‍ കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്തെത്തുന്നത്. ലക്ഷങ്ങളാണ് യാത്ര ബത്തയിനത്തില്‍ ഉള്‍പ്പടെ അദ്ദേഹം കൈപ്പറ്റിയത്. യാത്രയ്ക്കു വിമാനം ഉപയോഗിക്കുന്നതു ധൂര്‍ത്താണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സുപ്രധാന വിഷയങ്ങള്‍ തീരുമാനമെടുക്കാനാവുന്നില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കു ഇതിനിടെയാണ് ഫയലുകള്‍ കാണാതായെന്ന വിവാദം ഉടലെടുത്തത്. ഫയലുകള്‍ പൂഴ്ത്തി അനധികൃത നിയമനം നടത്താന്‍ നീക്കം നടക്കുന്നതായും ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. തലശേരി പാലയാട് കാംപസിലെ വകുപ്പ് മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലിലെ 30ഓളം പേജുകളാണ് കാണാതായത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ പിവിസി ഒപ്പുവച്ച ഫയലുകള്‍ മുഴുവന്‍ ഹാജരാക്കാന്‍ വിസിയുടെ ചുമതലയുള്ള ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടിരുന്നു.വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രൊ. വൈസ് ചാന്‍സലറാണ് അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യേണ്ടത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ കത്ത് പ്രകാരം വിസിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയതായും പറയുന്നുണ്ട്. ഇതോടെ നിയമനം സംബന്ധിച്ച ഫയലുകളില്‍ കൃത്രിമം നടന്നതു സംബന്ധിച്ച അന്വേഷണം സര്‍വകലാശാലയിലെ ജീവനക്കാരുടെ സംഘടനകള്‍ തമ്മില്‍ പുതിയ പോരിനു കാരണമാക്കിയിട്ടുണ്ട്. ഇടതു സംഘടനകള്‍ പിവിസി ഡോ. ടി അശോകനെതിരേ രംഗത്തെത്തിയതോടെ തനിക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കത്തു നല്‍കുകയും കൂടി ചെയ്തതോടെ രാഷ്ട്രീയ വിവാദം ആളിക്കത്തുകയാണ്. ഇതിനെതിരേ ഗവര്‍ണറെ സമീപിക്കാനാണ് മറുവിഭാഗത്തിന്റെ നീക്കം.
Next Story

RELATED STORIES

Share it