സ്ത്രീപീഡനം തടയാന്‍ നിയമംകൊണ്ട് മാത്രം സാധിക്കില്ല: ഉപരാഷ്ട്രപതി

പെരിയ(കാസര്‍കോട്): സ്ത്രീപീഡനം തടയാന്‍ നിയമംകൊണ്ടു മാത്രം സാധിക്കില്ലെന്നും ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാവണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. പെരിയയില്‍ കേന്ദ്രസര്‍വകലാശാലയുടെ പുതിയ കാംപസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ജമ്മുകശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എന്തു സംഭവിച്ചാലും രാജ്യത്തിന് നോവുമെന്നും ഇതില്‍ ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രസ്‌നേഹത്തില്‍ കുറഞ്ഞതൊന്നും ഒരു പൗരനും ഉണ്ടാവാന്‍ പാടില്ല. ഇന്ത്യയുടെ സംസ്‌കാരം പലതാണ്. വസുധൈവകുടുംബകം എന്ന ആശയത്തിലാണ് നാം നിലകൊള്ളുന്നത്. ശരീരത്തിലെ തല മുതല്‍ കാല്‍പ്പാദം വരെയുള്ള ഭാഗത്ത് വേദന അറിയുന്നതുപോലെ രാജ്യത്തിന്റെ നൊമ്പരം നാം അറിയണം- സമീപകാല സംഭവവികാസങ്ങള്‍ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. രാജ്യം പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് പുറത്തുപോയി തൊഴില്‍ അന്വേഷിക്കേണ്ടിവരില്ല. കാരണം, രാജ്യം സാമ്പത്തിക വളര്‍ച്ചയിലൂടെ മുന്നേറുകയാണ്.
ലോകരാജ്യങ്ങളില്‍ നിന്ന് മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ഇന്ത്യയിലേക്കു വരുന്ന സാഹചര്യമാണു നിലവിലുള്ളത്. വിദ്യാഭ്യാസ മുന്നേറ്റമാണ് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നത്. പുതിയ വെല്ലുവിളികള്‍ നേരിടാനും അവസരങ്ങള്‍ സൃഷ്ടിക്കാനും വിദ്യാഭ്യാസത്തിനു കഴിയുന്നുണ്ട്. കേന്ദ്ര സര്‍വകലാശാലയുടെ കീഴിലുള്ള മെഡിക്കല്‍ കോളജ് കാസര്‍കോട്ട് ഉടന്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കേരളം എല്ലാരംഗത്തും പുരോഗതിയിലാണ്. കേരളം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു- ഉപരാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it