സ്ത്രീധന മരണം: ബിഎസ്പി എംപിയും ബന്ധുക്കളും അറസ്റ്റില്‍

ഗാസിയാബാദ്: മരുമകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിഎസ്പി എംപി നരേന്ദ്ര കശ്യപ്, ഭാര്യ ദേവേന്ദ്രി, മകന്‍ സാഗര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കശ്യപിന്റെ മരുമകളും സാഗറിന്റെ ഭാര്യയുമായ ഹിമാംശി (29)യെ സഞ്ജയ്‌നഗറിലെ വീട്ടിലെ കുളിമുറിയില്‍ തലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ ബുധനാഴ്ച കണ്ടെത്തിയിരുന്നു.
യശോദ ആശുപത്രിയില്‍വച്ചാണു കശ്യപിനെയും ഭാര്യയെയും കാവിനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എംപിയും ബന്ധുക്കളും പ്രഥമദൃഷ്യാ സത്രീധനപീഡനത്തില്‍ പങ്കാളികളാണെന്ന് പോലിസ് സൂചിപ്പിച്ചു. രാജ്യസഭാംഗമാണ് കശ്യപ്. പുത്രിമാരായ ശോഭ, സരിത എന്നിവരെയും ഇളയ മകന്‍ സിദ്ധാര്‍ഥിനെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.
മുന്‍ ബിഎസ്പി മന്ത്രി ഹരിലാല്‍ കശ്യപിന്റെ മകളായ ഹിമാംശിയെ മൂന്നുവര്‍ഷം മുമ്പാണ് സാഗര്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. നരേന്ദ്ര കശ്യപും കുടുംബവും സത്രീധനത്തിന്റെ പേരില്‍ ഹിമാംശിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഹിമാംശിയുടെ അമ്മാവന്‍ ഹരി ഓം കശ്യപ് നല്‍കിയ പരാതിയില്‍ ആരോപിച്ചു. തന്റെ മകള്‍ക്ക് നീതി നിഷേധിച്ചാല്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ ആത്മഹത്യചെയ്യുമെന്ന് ഹിമാംശിയുടെ പിതാവും മുന്‍ മന്ത്രിയുമായ ഹരിലാല്‍ കശ്യപ് ഭീഷണിമുഴക്കി. ബദാവൂനില്‍ നടന്ന മകളുടെ അന്ത്യകര്‍മത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ മൃതദേഹത്തില്‍ പീഡനമേറ്റ നിരവധി പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it