സ്ത്രീകളുടെയും കാല്‍ കഴുകണമെന്ന്; സിറോ മലബാര്‍ സഭയില്‍ പുതിയ വിവാദം

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ പുതിയ നീക്കം. പെസഹാ ദിവസം സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. വരുന്ന വൈദിക സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭാ ഭൂമി വിവാദം തല്ലിക്കെടുത്താന്‍ ശ്രമം തുടരുന്നതിനിടെയാണ് അതിരൂപതയിലെ കര്‍ദിനാള്‍ വിരുദ്ധ വൈദിക വിഭാഗം പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
സഭയില്‍ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ്. കാനോന്‍ നിയമങ്ങളും ഇത് ഉറപ്പു നല്‍കുന്നുണ്ട്. അങ്ങനെയിരിക്കെ പെസഹാ ദിവസം പുരുഷന്‍മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 2017ലെ ഉത്തരവ് സഭാ വിരുദ്ധമെന്നാണ് ഇവരുടെ വാദം. യേശു 12 പുരുഷന്‍മാരുടെ കാലുകളാണ് കഴുകിയതെന്നും അതിന്റെ പ്രതീകമായിട്ടാണ് കാ ല്‍ കഴുകല്‍ ശുശ്രൂഷയെന്നുമാണ് സഭാ നേതൃത്വത്തിന്റെ മറുവാദം.
എന്നാല്‍, കാല്‍കഴുകലിലൂടെ ഉദ്ദേശിക്കുന്നത് ഇടയന്‍ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണെന്നും അതിന് സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും വൈദികര്‍ പറയുന്നു. മാര്‍പാപ്പക്ക് സ്ത്രീകളുടെ കാല്‍ കഴുകാമെങ്കില്‍ കര്‍ദിനാളിനായിക്കൂടെ എന്നാണ് ഇവരുടെ ചോദ്യം. സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവിന് സിനഡ് നല്‍കിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളില്‍തന്നെ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നതിനാണ് നീക്കം.
Next Story

RELATED STORIES

Share it