Flash News

സൈബര്‍ ലോകം ഭീതിയില്‍ ; വീണ്ടും ആക്രമണസാധ്യതയെന്ന് വിദഗ്ധര്‍



ലണ്ടന്‍: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിനു പിന്നാലെ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഷ്യന്‍ മേഖലയില്‍ തിരക്കുള്ള ദിവസമായ തിങ്കളാഴ്ച ആക്രമണസാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണം ചെറുക്കാന്‍ സഹായിച്ച 'മാല്‍വെയര്‍ ടെക്' എന്ന ബ്രിട്ടിഷ് കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധനാണ് വീണ്ടും സൈബര്‍ ആക്രമണസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. പേര് വെളിപ്പെടുത്താത്ത 22 വയസ്സുകാരനാണ് മാല്‍വെയര്‍ ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്.  സ്വീഡന്‍, ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങി നൂറോളം രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്. രണ്ടു ലക്ഷം കംപ്യൂട്ടറുകളെ നിലവില്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണ് യൂറോപ്പ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട കണക്ക്. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത 'എറ്റേണല്‍ ബ്ലൂ' എന്ന സൈബര്‍ ആയുധങ്ങള്‍ തട്ടിയെടുത്താണ് ആക്രമണം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. ഇത്തരമൊരു ആക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍  മുന്നറിയിപ്പു നല്‍കിയിരുന്നു. പഴയ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ഇരയായ വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കായി മൈക്രോസോഫ്റ്റ് സെക്യൂരിറ്റി പാച്ച് പുറത്തിറക്കിയിരുന്നു.  സൈബര്‍ ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാന ഐടി മിഷന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it