Idukki local

സേനാപതി ഹോമിയോ ക്ലിനിക്കിന്റെ പുനര്‍ജനിക്ക് അംഗീകാരം

സേനാപതി: സേനാപതി എന്‍എച്ച്എം ആയുഷ് ഹോമിയോപ്പതി ക്ലിനിക്കിന്റെ ഹോമിയോ ചികില്‍സാപദ്ധതിയായ ‘പുനര്‍ജനിക്കു അംഗീകാരം. സെപ്റ്റംബര്‍ ഏഴുമുതല്‍ 11 വരെ കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിലേക്കു പദ്ധതി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത് ആയുഷ് മേഖലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിയ പദ്ധതികളില്‍ ഏറ്റവും മികച്ച 12 എണ്ണം അവതരിപ്പിച്ച് അവയില്‍ ഏറ്റവും ശ്രേഷ്ഠമായവയ്ക്കു പുരസ്‌കാരങ്ങള്‍ നല്‍കുകയും മാതൃകാപദ്ധതികള്‍ എന്ന നിലയില്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയുമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവിന്റെ ലക്ഷ്യം.
ഹോമിയോപ്പതിക്കു പുറമെ ആയുര്‍വേദം, യുനാനി, സിദ്ധ, പ്രകൃതിചികില്‍സ എന്നീ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ചു സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ നടത്തുന്ന സംരംഭമാണിത്. 50 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കോണ്‍ക്ലേവില്‍ അവതരിപ്പിക്കേണ്ട പ്രോജക്ടുകള്‍ ഏഴു ജില്ലകള്‍ വീതമുള്ള രണ്ടു മേഖലകളിലായാണു തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജില്‍ നടന്ന സൗത്ത് സോണല്‍ എല്‍എസ്ജി ലീഡേഴ്‌സ് മീറ്റില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ സേനാപതി എന്‍എച്ച്എം ആയുഷ് ഹോമിയോപ്പതി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ എല്‍ ജെസിക്കു ക്ഷണം ലഭിച്ചിരുന്നു.
പഞ്ചായത്തിന്റെ സഹകരണത്തോടെ രണ്ടു വര്‍ഷമായി ക്ലിനിക് മുഖാന്തരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുനര്‍ജനി കാന്‍സര്‍ ചികില്‍സാ പ്രോജക്ട് ഡോ.ജെസി അവതരിപ്പിക്കുകയും, തുടര്‍ന്ന് ഏറ്റവും മികച്ചതായി കണ്ടെത്തി കോണ്‍ക്ലേവിലേക്കു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പദ്ധതി പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹമായി.
അവികസിത ഗ്രാമമായ സേനാപതിയിലെ ഒറ്റമുറി ക്ലിനിക്കാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള പഴകിയ രോഗങ്ങള്‍ക്കു ചികില്‍സ തേടി ധാരാളം രോഗികള്‍ എത്തിത്തുടങ്ങിയതോടെയാണു ഡോ. ജെസി മുന്‍കൈയെടുത്ത് കാന്‍സര്‍ രോഗ ചികിത്സയ്ക്കായി പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്. ചെലവുകള്‍ക്കായി പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍നിന്നു തുക വകയിരുത്തുകയും ജില്ലാ ഹോമിയോ ആശുപത്രി മരുന്ന് ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.ജില്ലയ്ക്കു പുറമേ നിന്നു പോലും രോഗികള്‍ എത്താന്‍ തുടങ്ങിയതോടെ സംസ്ഥാനതലത്തില്‍ ക്ലിനിക്ക് ശ്രദ്ധ നേടി. മാര്‍ച്ച് 31 വരെ 162 രോഗികള്‍ ചികിത്സതേടിയെത്തി. മാങ്ങാത്തൊട്ടി വികസന സമിതി സൗജന്യമായി നല്‍കിയ 60 സെന്റ് സ്ഥലത്ത് ഒന്‍പതു കോടി രൂപ ചെലവില്‍ 50 കാന്‍സര്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള കാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ആയിട്ടുണ്ട്.
Next Story

RELATED STORIES

Share it