malappuram local

സെവന്‍സില്‍ ഹൈടെക് വിപ്ലവവുമായി ബാപ്പുട്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍

മഞ്ചേരി: കാല്‍പന്തിന്റെ പറുദീസയില്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ക്ക് ഇനി ആധുനിക ഭാവം. മഞ്ചേരിയില്‍ പുതുവര്‍ഷ ദിനത്തില്‍ ആരംഭിക്കുന്ന തുറക്കല്‍ ബാപ്പുട്ടി മെമ്മോറിയല്‍ ഫുട്‌ബോളാണ് ഏറെ പുതുമകളോടെ കാണികളിലേക്കെത്തുന്നത്. ജില്ലയിലെ ആദ്യ ഹൈടെക് ടൂര്‍ണമെന്റാവും ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര മല്‍സരങ്ങളോട് കിടപിടിക്കും വിധത്തിലാണ് ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ആയിരങ്ങള്‍ക്ക് കളി കാണാനുള്ള ഗ്യാലറി സജ്ജമായിക്കഴിഞ്ഞു. ഗ്യാലറിക്കൊപ്പം ശബ്ദ വെളിച്ച സംവിധാനങ്ങള്‍കൂടിയായാല്‍ കളിയാരവത്തിനു തുടക്കമാവുന്ന പതിവ് ഇവിടെ തിരുത്തുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ അനുഭവം കാണികള്‍ക്കു പകരാന്‍ വിഭവ വൈവിധ്യങ്ങള്‍ ഏറെയാണ് സംഘാടകരൊരുക്കിയിരിക്കുന്നത്.  ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ കാണാവുന്ന രീതിയില്‍ ഉള്ള എല്‍ഇഡി സ്‌ക്രീന്‍ ലൈന്‍ അപ്പ്, ഗോള്‍ ആരവങ്ങള്‍, ടൈമര്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാവും മല്‍സരങ്ങള്‍. കലാപരിപാടികളോടെയും കരിമരുന്നു പ്രയോഗത്തോടെയുമാണ് ഉദ്ഘാടനം.
ജവഹര്‍ മാവൂരും ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാടുമാണ് ആദ്യദിവസം പോരാടുക. പ്രശസ്ത സിനിമ താരം അനിഖ മുഖ്യാഥിതി ആയിരിക്കും, ലോക പഞ്ചഗുസ്തിയില്‍ ഇന്ത്യ കു വേണ്ടി വെള്ളിമെഡല്‍ നേടിയ വിനോദ് മഞ്ചേരിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. കാണികള്‍ക്കായി ആകര്‍ഷകമായ സമ്മാന പദ്ധതികളുമുണ്ട്. ഉദ്ഘാടന ദിവസം നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഭാഗ്യശാലിക്ക് 32 ഇഞ്ച് എല്‍ഇഡി ടിവിയാണ് സമ്മാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണനാണയങ്ങളും നല്‍കും.
Next Story

RELATED STORIES

Share it