സെല്‍ഫി പോയിന്റുകളുണ്ട്്; സൗകര്യമുള്ള ശൗചാലയങ്ങളില്ല

ഝുന്‍ഝുനു: സെല്‍ഫി പോയിന്റുകള്‍ ധാരാളമുണ്ടെങ്കിലും ഉപയോഗയോഗ്യമായ ശൗചാലയമൊരുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത രാജസ്ഥാനിലെ വനിതാദിനാഘോഷച്ചടങ്ങ്. രാജസ്ഥാനിലെ ഝുന്‍ഝുനുവിലായിരുന്നു അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോദി പ്രസംഗിച്ചത്.
സമ്മേളനസ്ഥലത്ത് സ്ത്രീകള്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക ശൗചാലയങ്ങളില്‍ വെള്ളമോ വാതിലുകളോ ഫഌഷ്ടാങ്ക് സൗകര്യമോ ഇല്ലായിരുന്നെന്ന് ദ വയര്‍ റിപോര്‍ട്ട് ചെയ്തു. ഉപയോഗശൂന്യമായ ശൗചാലയങ്ങളാണ് സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ചത്. അസൗകര്യങ്ങള്‍ക്കിടയിലും ശൗചാലയം ഉപയോഗിക്കാമെന്നു കരുതിയ സ്ത്രീകള്‍ ചുറ്റുമുള്ള ആണ്‍കൂട്ടങ്ങളുടെ സാന്നിധ്യം കാരണം തിരിച്ചുപോവുകയും ചെയ്തു. ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ പുരുഷന്‍മാര്‍ പലരും തുറന്ന സ്ഥലത്താണ് മൂത്രശങ്ക തീര്‍ത്തത്.
കുട്ടികളുടെ ഭാരക്കുറവും പോഷകക്കുറവുമടക്കമുള്ള പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ദേശീയ പോഷകാഹാര ദൗത്യത്തിന് തുടക്കം കുറിക്കുന്നതായുള്ള പ്രഖ്യാപനവും ഝുന്‍ഝുനുവിലെ ചടങ്ങില്‍ മോദി നടത്തിയിരുന്നു. ഭക്ഷണത്തിനു മുമ്പ് കൈ കഴുകാത്തത് ശിശുമരണത്തിനു പിറകിലെ കാരണങ്ങളിലൊന്നാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവെ മോദി അഭിപ്രായപ്പെട്ടിരുന്നു.
ശൗചാലയത്തിന്റെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നെങ്കിലും സമ്മേളനസ്ഥലത്ത് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി വസുന്ധരരാജെയുടെയും കട്ടൗട്ടുകളുമായി നിരവധി സെല്‍ഫി പോയിന്റുകള്‍ സജ്ജമാക്കിയിരുന്നു.
ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കറുത്ത വസ്ത്രം ധരിച്ച സ്ത്രീകളെ സംഘാടകര്‍ വിലക്കിയതായും ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. കൈക്കുഞ്ഞുമായെത്തിയ മാതാവിനെ വരെ കറുത്ത വസ്ത്രത്തിന്റെ പേരില്‍ സംഘാടകര്‍ പുറത്താക്കി. തന്റെ കറുത്ത സ്‌കാര്‍ഫ് ഒഴിവാക്കിയശേഷമാണ് പ്രവേശനം അനുവദിച്ചതെന്ന് ഝുന്‍ഝുനു നിവാസിയായ ഒരു യുവതി അറിയിച്ചു. വസുന്ധരരാജെയുടെ ചടങ്ങുകളില്‍ കറുപ്പ് അനുവദനീയമല്ല. ഇപ്പോള്‍ പ്രധാനമന്ത്രിയും അതു തുടങ്ങിയിരിക്കുന്നു. എന്താണ് ഇതിനര്‍ഥം- യുവതി ചോദിക്കുന്നു.
Next Story

RELATED STORIES

Share it