kozhikode local

സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകിയ സംഭവം: ക്വാട്ടേഴ്‌സ് അടച്ചുപൂട്ടാന്‍ നിര്‍ദേശം

വടകര: ക്വാട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ക്വാട്ടേഴ്‌സ് അടച്ചുപൂട്ടി ശുചീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വില്ല്യാപ്പള്ളി പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കുട്ടോത്ത് സ്ഥിതി ചെയ്യുന്ന സിഎം കോട്ടേജിലെ സെപ്റ്റിക് ടാങ്ക് മാലിന്യമാണ് പുറത്തേക്ക് ഒഴുക്കുന്നതായും, പ്രദേശ വാസികളെ ദുരിതത്തിലാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്.
അശാസ്ത്രീയമായ രീതിയില്‍ മലിനജല ടാങ്ക് നിര്‍മ്മിച്ചത് വഴിയാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. ഇത് സമീപ പ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമായ സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
രണ്ട് ദിവസമായി സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. കേട്ടേഴ്‌സിലെ 23 മുറികളിലായി 88 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കോട്ടേഴ്‌സിന് ഫാമിലി  ഉപയോഗത്തിനാണ് ലൈസന്‍സ് നല്‍കിയത്.
എന്നാല്‍ 150 ഓളം പേര്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ താമസിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരും, പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളും പഞ്ചായത്തിന് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പഞ്ചായത്ത് അധികൃതരും ഹെല്‍ത്ത് ഇന്‍സ്പക്ടറും പ്രസ്തുത ക്വാട്ടേഴ്‌സ് സന്ദര്‍ശിച്ച് പ്രശ്‌നം നേരില്‍ കണ്ടതോടെയാണ് അടച്ച് പൂട്ടാനും തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും ഉത്തരവിട്ടത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 30 ദിവസത്തെ സമയവും നല്‍കി. കൂടാതെ ബാത്‌റൂം, മറ്റു മലിന ജലം തുടങ്ങിയവയുടെ കണക്ഷന്‍ സെപ്റ്റിക് ടാങ്കിലേക്ക് മാറ്റാനും, ക്വാട്ടേഴ്‌സിന് പുറത്തുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കാനും പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഇതിന് തൊട്ടടുത്തുള്ള ഹിറാ കോട്ടേഴ്‌സിലും ജൈവമാലിന്യ ടാങ്ക് നിറഞ്ഞ് കവിഞ്ഞ്, മലിനജലം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിട ഉടമക്കും നോട്ടീസ് നല്‍കി. എന്നാല്‍ ക്വാട്ടേഴ്‌സിന്റെ ഉടമസ്ഥന്‍ സ്ഥലത്ത് വരാന്‍ വിസമ്മതിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it