kannur local

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് ഒഴിപ്പിച്ച മല്‍സ്യവില്‍പനക്കാര്‍ ദുരിതത്തില്‍

കണ്ണൂര്‍: കാംബസാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നു ആറാട്ട് റോഡിലേക്ക് മാറ്റിയ മല്‍സ്യവില്‍പന തൊഴിലാളികള്‍ ദുരിതത്തില്‍. താല്‍ക്കാലിക സംവിധാനം ഒരുക്കിയാണ് മുപ്പതോളം മല്‍സ്യവില്‍പനക്കാരെ ആറാട്ടുറോഡിലേക്കു മാറ്റിയത്. എന്നാല്‍ സ്ഥലം മാറിയതോടെ കച്ചവടം കുറഞ്ഞതായും മാലിന്യം ഒഴുക്കാന്‍പോലും കഴിയാതെ വൃത്തിഹീനമായ സ്ഥലത്തേക്ക് ആളുകള്‍ മല്‍സ്യം വാങ്ങാന്‍ എത്താത്തതായും വില്‍പനക്കാര്‍ ആരോപിച്ചു.
മഴക്കാലം തുടങ്ങുന്നതോടെ പ്രശ്‌നം രൂക്ഷമാകും. നാലു വര്‍ഷം മുമ്പാണ് നഗരസഭാ അധികൃതര്‍ മല്‍സ്യമാര്‍ക്കറ്റ് ഒഴിപ്പിച്ച് തൊഴിലാളികളെ ആറാട്ട് റോഡിലേക്ക് മാറ്റിയത്. അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടും സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കു തന്നെ തിരിച്ചെടുക്കാമെന്ന ഉറപ്പിലാണ് അന്ന് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. എന്നാല്‍ നാളിതുവരെയായി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്.
ഫിഷ്മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി തവണ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും മാര്‍ക്കറ്റിന്റെ പ്രവൃത്തിയില്‍ വേഗത കൈവരിച്ചിട്ടില്ല. ഇനിയും അറ്റകുറ്റപ്പണികള്‍ നടക്കാനുണ്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, ജനങ്ങള്‍ എത്തിപ്പെടാത്ത സ്ഥലമായതിനാല്‍ തന്നെ കഴിഞ്ഞ നാലു വര്‍ഷമായി സാമ്പത്തികമായി കഷ്ടത അനുഭവിക്കുകയാണെന്നു തൊഴിലാളികള്‍ പറഞ്ഞു.
വാടകയിനത്തില്‍ രണ്ടു ലക്ഷം രൂപയാണ് ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്. മാത്രവുമല്ല ഒരാള്‍ വര്‍ഷത്തില്‍ തൊഴില്‍ നികുതിയിനത്തില്‍ 240 രൂപയും ലൈസന്‍സ് ഫീസായി 100 രൂപയും നല്‍കുന്നുണ്ട്. എന്നിട്ടും ആരും തിരിഞ്ഞുനോക്കാത്ത സ്ഥലത്ത് കച്ചവടം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
ഇതിനിടയില്‍ 2015ല്‍ ആരംഭിച്ച ആയിക്കര മല്‍സ്യമാര്‍ക്കറ്റ് പണിപൂര്‍ത്തീകരിച്ച് തുറന്നു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഴിപ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
ആറാട്ട്‌റോഡ് മല്‍സ്യമാര്‍ക്കറ്റില്‍ മല്‍സ്യം വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികളോട് ദയ കാട്ടണമെന്ന്ാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആവശ്യം.
കണ്ണൂരിന്റെ മുഖഛായ മാറ്റാന്‍ വികസനം അത്യാവശ്യമാണെന്ന് അന്നത്തെ നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ മല്‍സ്യമാര്‍ക്കറ്റില്‍ നിന്നു ആറാട്ട് റോഡിലേക്ക് മാറ്റിയത്. നേരത്തേ അവിടെ കച്ചവടം ചെയ്തവര്‍ക്ക് സ്ഥലം തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it