Flash News

സൂപ്പര്‍ ജയം; സണ്‍ റൈസേഴ്‌സ് പ്ലേ ഓഫില്‍



കാണ്‍പൂര്‍: ഡേവിഡ് വാര്‍ണറിന്റെ മാസ്മരിക ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍. ഹൈദരാബാദിന്റെ  പ്ലേ ഓഫ് സാധ്യതകള്‍ക്ക് വിലങ്ങുതടിയാവാം എന്ന് കരുതിയിറങ്ങിയ സുരേഷ് റെയ്‌നയ്ക്കും സംഘത്തിനും വാര്‍ണറുടെ ബാറ്റിങ് കരുത്തിന് മുന്നില്‍ വാലും ചുരുട്ടി ഓടേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19.2 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിങില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റിന് 158 റണ്‍സ് നേടി ഹൈദരാബാദ് വിജയം റാഞ്ചിയെടുത്തു. ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാര്‍ണര്‍ (69) ടോപ് സ്‌കോററായപ്പോള്‍ വിജയ് ശങ്കര്‍(63) റും മികച്ച പിന്തുണയേകി.അപ്രതീക്ഷിത തകര്‍ച്ചയായിരുന്നു ഗുജറാത്തിന്റെ ബാറ്റിങില്‍ കണ്ടത്. ഇഷാന്‍ കിഷനും(61) ഡ്വെയ്ന്‍ സ്മിത്തും(54) ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചിട്ടും ഗുജറാത്തിന് മുതലാക്കാനായില്ല. തുടക്കം മുതലേ തല്ലി തകര്‍ത്ത് മുന്നേറിയ ഇരുകൂട്ടരും ഗുജറാത്ത് സ്‌കോര്‍ബോര്‍ഡിനെ 200 കടത്തുമെന്ന് തോന്നിച്ചു. 33 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും സഹിതം 54 റണ്‍സെടുത്ത സ്മിത്തിനെ റാഷിദ് ഖാന്‍ മടക്കുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് 10.5 ഓവറില്‍ ഒരു വിക്കറ്റിന് 111 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഗാലറിയിലേക്കുള്ള ഘോഷയാത്രയാണ്. വെറും 12 റണ്‍സിനടയ്ക്ക് അഞ്ച് വിക്കറ്റുകളാണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ തുലച്ചത്. സുരേഷ് റെയ്‌ന(2), ദിനേഷ് കാര്‍ത്തിക്(0), ആരോണ്‍ ഫിഞ്ച്(2) എന്നിവരെല്ലാം വന്നതുപോലെ മടങ്ങി. മധ്യനിരയില്‍ രവീന്ദ്ര ജഡേജ പുറത്താവാതെ നേടിയ 20 റണ്‍സാണ് ഗുജറാത്ത് സ്‌കോര്‍ബോര്‍ഡിനെ 154 ലേക്കെത്തിച്ചത്. ഹൈദരാബാദിന് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. സിദ്ധാര്‍ത്ഥ് കൗലിനാണ് ഒരു വിക്കറ്റ്.155 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് വേണ്ടി ശിഖാര്‍ ധവാന്‍(18) തല്ലി തകര്‍ത്ത് തുടങ്ങിയെങ്കിലും പ്രവീണ്‍ കുമാറിന്റെ സ്ലോ ബൗളില്‍ പുറത്തായി. രണ്ടാമന്‍ മോയിസസ് ഹെന്റിക്വസിനേയും(4) പ്രവീണ്‍ കുമാര്‍ മടക്കി ഹൈദരാബാദിനെ ഞെട്ടിച്ചെങ്കിലും മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന വാര്‍ണറും വിജയ് ശങ്കറും ചേര്‍ന്ന് ഹൈദരാബാദിനെ പ്ലേ ഓഫിലേക്ക് നയിക്കുകയായിരുന്നു. 52 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടക്കം വാര്‍ണര്‍ 69 റണ്‍സ് നേടിയപ്പോള്‍ 44 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ പായിച്ചാണ് വിജയ് ശങ്കര്‍ 63 റണ്‍സ് കണ്ടെത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം. 14 മല്‍സരങ്ങളില്‍ നിന്ന്് 17 പോയിന്റുകളുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it