സൂക്ഷ്മ പരിശോധന തുടങ്ങി; അന്തിമ ചിത്രം നാളെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി. വരണാധികാരികളുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നത്. സ്ഥാനാര്‍ഥികളുടെ യോഗ്യത സംബന്ധിച്ച് തര്‍ക്കമുള്ള സംഗതികളില്‍ അതിന്മേലുള്ള തീര്‍പ്പ് നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ആകെ 1,30,197 പത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്താണ്- 18,651. കുറവ് വയനാട്ടിലും- 4,775. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തിലേക്ക് 54,321ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 8,834ഉം ജില്ലാ പഞ്ചായത്തിലേക്ക് 1,710ഉം പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റിയിലേക്ക് 12,348ഉം കോര്‍പറേഷനിലേക്ക് 2,600ഉം പത്രികകള്‍ ലഭിച്ചു.

നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കനുസരിച്ച് ഓരോ ജില്ലകളിലും ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ കണക്ക് ഇപ്രകാരം: തിരുവനന്തപുരം- 12,564, കൊല്ലം- 9,262, പത്തനംതിട്ട- 6,063, ആലപ്പുഴ- 10,752, കോട്ടയം- 4,939, ഇടുക്കി- 6,706, എറണാകുളം- 10,302,  തൃശൂര്‍- 8,528, പാലക്കാട്- 11,671, മലപ്പുറം- 18,651, കോഴിക്കോട്- 11,814, വയനാട്- 4,775, കണ്ണൂര്‍- 9,275, കാസര്‍കോഡ്- 5,295. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രിക തള്ളരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്ത് 276 വാര്‍ഡുകള്‍ കൂടുതലായുണ്ട്. എന്നാല്‍, വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചിട്ടും 2010ല്‍ ഉള്ളതിനേക്കാളും ഇരുപതിനായിരത്തോളം പത്രികകള്‍ ഇത്തവണ കുറവാണ്. അതേസമയം, പത്രികാ സമര്‍പ്പണം കഴിഞ്ഞിട്ടും എല്‍ഡിഎഫിലും യുഡിഎഫിലും പാളയത്തില്‍ പട ഒഴിഞ്ഞിട്ടില്ല. മിക്ക ജില്ലകളിലും മുന്നണികള്‍ക്കിടയിലും പാര്‍ട്ടിക്കുള്ളിലുമുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.

യുഡിഎഫിന് മലപ്പുറമാണ് വെല്ലുവിളി. ഇടുക്കിയിലും കോട്ടയത്തും നിരവധി പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. മലപ്പുറത്ത് 18 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സും ലീഗും പോരിലാണ്. കൊല്ലത്ത് കോണ്‍ഗ്രസ്സിനോട് കലഹിച്ച് മുസ്‌ലിംലീഗ് 12 പത്രികകളാണ് നല്‍കിയത്. കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന 34 സീറ്റുകളില്‍ 15ലും റിബലുകളുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോഡ് എന്നിവിടങ്ങളിലും വിമതശല്യമുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ ഇടതുമുന്നണിയില്‍ തര്‍ക്കം തുടരുകയാണ്. പന്നിയങ്കര വാര്‍ഡില്‍ സിപിഎമ്മും സിപിഐയും പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസത്തിനു മുമ്പ് ചര്‍ച്ചകളിലൂടെ വിമതരെ പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. നാളെയോടെ അന്തിമ ചിത്രം വ്യക്തമാകും. ചിഹ്നത്തിനുള്ള അപേക്ഷ 17ന് ഉച്ചയ്ക്കു 3നു മുമ്പ് വരണാധികാരിക്കു നല്‍കണം. നവംബര്‍ 2നും 5നുമാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it