Flash News

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്:മൊഴിനല്‍കാന്‍ സിബിഐ സമ്മര്‍ദം ചെലുത്തിയെന്ന് വാദിഭാഗം സാക്ഷി

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്:മൊഴിനല്‍കാന്‍ സിബിഐ സമ്മര്‍ദം ചെലുത്തിയെന്ന് വാദിഭാഗം സാക്ഷി
X


മുബൈ: സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂലമായി മൊഴിനല്‍കാന്‍ സിബിഐ ഭീഷണിപ്പെടുത്തിയെന്ന് വാദിഭാഗം സാക്ഷിയുടെ മൊഴി. രാജസ്ഥാന്‍ പോലിസ് ഇസ്‌പെക്ടറും വാദിഭാഗം സാക്ഷിയുമായ രണ്‍വിജയ് സിങാണ് സിബിഐ പ്രത്യക ജഡ്ജി മുമ്പാകെ മൊഴി നല്‍കിയത്. സുഹ്‌റബുദ്ദീന്‍ കേസിന്റെ അനുബന്ധ കേസായ തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് സിബിഐക്കെതിരേ പുതിയ ആരോപണം. കേസില്‍ സിബിഐ പറയുന്ന മൊഴി നല്‍കിയില്ലെങ്കില്‍ തന്നെ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ മൂന്നോ നാലോ ദിവസം സിബിഐ തടഞ്ഞുവച്ചെന്നും,  അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള മൊഴി നല്‍കിയശേഷം മാത്രമാണ് തന്നെ മകളുടെ കല്യാണ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറാണെന്നും ഇന്‍സ്‌പെക്ടര്‍ കോടതിയെ അറിയിച്ചു. ഹാമിദ് ലാല കൊലക്കേസില്‍ പ്രതിയായ  സുഹ്‌റബുദ്ദീനെ കണ്ടെത്താന്‍ രൂപീകരിച്ച സംഘത്തില്‍ താനും അംഗമായിരുന്നെന്നും, തുളസി പ്രജാപതിയെ അറസ്റ്റ് ചെയ്യുമ്പേള്‍ താന്‍ കൂടെ ഉണ്ടായിരുന്നതായും 2010ല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ  മൊഴിയില്‍ രണ്‍വിജയ് സിങ് പറഞ്ഞിരുന്നു.  അറസ്റ്റിലാവുമ്പോള്‍ തുളസി പ്രജാപതി ഗുജറാത്ത് പോലിസ് ചതിച്ചെന്ന് വിളിച്ചു പറഞ്ഞതായും അദ്ദേഹം മൊഴി നല്‍കി. ഇൗ മൊഴി തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് സിങിന്റ ഇപ്പോഴത്തെ വാദം. എന്നാല്‍, ഇൗ വാദം തെറ്റാണെന്നും ഇത്തരമൊരു സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്നും സാക്ഷി കൂറുമാറിയതായി കണക്കാക്കണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ സുഹ്‌റബുദ്ദീന്‍ കേസിലെ 48ാമത്തെ സാക്ഷിയും കൂറുമാറി മൊത്തം 66 സാക്ഷികളാണ് കേസില്‍ ഉള്ളത്.
Next Story

RELATED STORIES

Share it