Flash News

സുഹ്‌റബുദ്ദീന്‍ കേസ് മാധ്യമ വിലക്കിനെതിരേ നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കൊലപാതകക്കേസിലെ വിചാരണാ നടപടികള്‍ ചെയ്യുന്നതിന് മാധ്യമങ്ങളെ വിലക്കിയ ഉത്തരവിനെതിരേ നിയമവിദഗ്ധര്‍. കഴിഞ്ഞദിവസം കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് മാധ്യമങ്ങളെ വിലക്കുന്നതായി മുംബൈയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി സുനില്‍കുമാര്‍ ശര്‍മയുടെ ഉത്തരവ്. അടുത്ത ഒരു ഉത്തരവുണ്ടാവുന്നതുവരെയാണു മാധ്യമങ്ങള്‍ക്കു വിലക്കെന്നും പ്രതിഭാഗം അഭിഭാഷകരുടെ അഭ്യര്‍ഥനപ്രകാരമാണു നടപടിയെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ സുരക്ഷയ്ക്ക്് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ശക്തമായ കാരണങ്ങളില്ലാത്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ വിചാരണാ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി പറഞ്ഞു. ഇത്തരമൊരു ഉത്തരവിന് ഒരു പ്രാധാന്യവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് അസ്വാഭാവികമാണെന്ന് മഹാരാഷ്ട്ര മുന്‍ അഡ്വക്കറ്റ് ജനറല്‍ രവി കദം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ പരസ്യമായ വിചാരണയ്ക്ക് എന്ത് അര്‍ഥമാണുള്ളത്. എന്ത്് നീതി നടപ്പാവുമെന്നാണു കരുതുന്നത്. ജഡ്ജിക്ക് കോടതിയിലെ സുരക്ഷ വര്‍ധിപ്പിക്കുകയോ പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിക്കുകയോ ചെയ്യാമായിരുന്നു. മാധ്യമങ്ങള്‍ ആര്‍ക്കും ഭീഷണിയല്ല. ഇത് തെറ്റാണ്. ആര്‍ക്കൊ ക്കെയോ ബുദ്ധിമുട്ടുള്ളതിനാലാണ് മാധ്യമങ്ങളെ വിലക്കുന്നത്. ഈ ഉത്തരവിനെതിരേ റിട്ട് ഹരജി സമര്‍പ്പിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it