സുവാറസ് ഡബിളില്‍ ബാഴ്‌സയുടെ കുതിപ്പ്

മാഡ്രിഡ്: വിസ്മയക്കുതിപ്പ് നടത്തുന്ന സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണ ജയത്തോടെ തന്നെ 2015നോട് ഗുഡ്‌ബൈ ചൊല്ലി. സ്പാനിഷ് ലീഗിലെ 16ാം റൗണ്ട് മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് യൂറോപ്യന്‍, ലോക ചാംപ്യന്‍മാരായ ബാഴ്‌സ 4-0നു തകര്‍ത്തത്.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് റയോ വല്ലെക്കാനോയെയും സെവിയ്യ 2-0ന് എസ്പാന്യോളിനെയും ഐബര്‍ 2-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും മാലഗ 1-0ന് ലെവന്റെയെയും ലാസ് പാല്‍മസ് 4-1ന് ഗ്രനാഡയെയും അത്‌ലറ്റിക് ബില്‍ബാവോ 1-0ന് സെല്‍റ്റാവിഗോയെയും തോല്‍പ്പിച്ചു. ഡിപോര്‍ട്ടീവോ ലാ കൊരുണ- ഗെറ്റാഫെ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.
ബെറ്റിസിനെതിരേ ഇരട്ടഗോളോടെ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസാണ് ബാഴ്‌സയുടെ ഹീറോയായത്. 46, 83 മിനിറ്റുകളിലായിരുന്നു സുവാറസ് ലക്ഷ്യം കണ്ടത്. ക്ലബ്ബിനായി 500ാം മല്‍സരം കളിക്കാനിറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളോടെ നേട്ടം ആഘോഷിച്ചു.
ബാഴ്‌സയുടെ മറ്റൊരു ഗോള്‍ ബെറ്റിസ് താരം ഹെയ്‌കോ വെസ്റ്റര്‍മാന്റെ വകയായിരുന്നു. 30ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ബാഴ്‌സയുടെ വിജയം 5-0ന് ആവുമായിരുന്നു. ഈ ജയത്തോടെ ബാഴ്‌സലോണ ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ബാഴ്‌സയ്ക്കും രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിനും 38 പോയിന്റ് വീതമാണുള്ളത്. അത്‌ലറ്റികോ ബാഴ്‌സയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it