thiruvananthapuram local

സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വലയാര്‍ അവാര്‍ഡ്് യുവ എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജി വി അപ്പുക്കുട്ടന്‍ നായര്‍, പ്രഫ. തോമസ് മാത്യു, പ്രഫ. ഓമനക്കുട്ടന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ പുസ്തകം തിരഞ്ഞെടുത്തത്. ശനിയാഴ്ച നടന്ന ജഡ്ജിങ് കമ്മിറ്റി യോഗമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. യോഗത്തില്‍ വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രഡിഡന്റ് പ്രഫ. എം കെ സാനു അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്ററായ സുഭാഷ്ചന്ദ്രന്റെ പ്രഥമ നോവലാണ് മനുഷ്യന് ഒരു ആമുഖം.

വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. എം കെ സാനു പുരസ്‌കാരം സമ്മാനിക്കും. 128 കൃതികളുടെ പേരുകളാണ് ഇത്തവണ നിര്‍ദേശിക്കപ്പെട്ടതെന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു. ഇതില്‍നിന്ന് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച ആറ് കൃതികളില്‍നിന്നാണ് മനുഷ്യന് ഒരു ആമുഖം എന്ന കഥ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക. വാര്‍ത്താസമ്മേളനത്തില്‍ പ്രാഫ. എം കെ. സാനു, ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമന്‍, ജൂറി അംഗങ്ങള്‍, സി ഗൗരീദാസന്‍നായര്‍, ബി സതീശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it