Flash News

സുപ്രിം കോടതി വിധി സംസ്ഥാനത്ത് മദ്യവില്‍പനയില്‍ 10 ശതമാനത്തിന്റെ ഇടിവ്



തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയുള്ള സുപ്രിംകോടതി വിധി വന്നതിനുശേഷം സംസ്ഥാനത്തെ മദ്യവില്‍പനയില്‍ 10 ശതമാനത്തിന്റെ ഇടിവ്. ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏപ്രിലില്‍ മുന്‍വര്‍ഷത്തെക്കാള്‍ 106 കോടിയുടെ വില്‍പന കുറഞ്ഞു. 2016 ഏപ്രില്‍ മാസത്തില്‍ 1078.36 കോടിയുടെ വില്‍പന നടന്നപ്പോള്‍ കഴിഞ്ഞ ഏപ്രിലില്‍ 972.30 കോടിയുടെ വില്‍പന മാത്രമാണ് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി നടന്നത്. വിദേശമദ്യ വില്‍പനയില്‍ എട്ടു ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ബിയര്‍ വില്‍പനയില്‍ 54 ശതമാനം കുറവുണ്ടായി. ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍, വൈന്‍ പാര്‍ലറുകളായിരുന്നു. ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. നികുതിയിനത്തില്‍ സര്‍ക്കാരിന് 111.71 കോടിയുടെ കുറവുണ്ടായതായും രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 175 വില്‍പന കേന്ദ്രങ്ങളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 107 ഔട്ട്‌ലറ്റുകള്‍ അടഞ്ഞുകിടക്കുകയാണ്. നൂറിലേറെ ബിയര്‍ പാര്‍ലറുകളും അടച്ചുപൂട്ടി. ഇതു തുറക്കാനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് ലഭിച്ചിരുന്ന നികുതിവരുമാനം 919.18 കോടിയായിരുന്നു. ഈവര്‍ഷം ഏപ്രിലില്‍ അത് 807.47 കോടിയായി കുറഞ്ഞു. 11 ശതമാനത്തിന്റെ കുറവാണ് ഇതുവഴി നേരിട്ടത്. ബിയര്‍ വില്‍പനയില്‍ വന്‍ ഇടിവാണ് നേരിട്ടത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 19.14 ലക്ഷം കെയ്‌സ് ബിയറാണ് വിറ്റുപോയത് ഈവര്‍ഷം 8.89 ലക്ഷം കെയ്‌സായി കുറഞ്ഞു. മദ്യവില്‍പനയില്‍ നേരിട്ട ഗണ്യമായ ഇടിവിലൂടെ ഈ സാമ്പത്തികവര്‍ഷം 5000 കോടിയുടെ നികുതി നഷ്ടമുണ്ടാക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട ഏപ്രില്‍മാസത്തെ കണക്കുകള്‍ ധനവകുപ്പിന്റെ കണക്കുകൂട്ടലിനെ ശരിവയ്ക്കുന്നതാണ്. അടച്ചുപൂട്ടിയ മദ്യശാലകള്‍ അടിയന്തരമായി തുറക്കാനായില്ലെങ്കില്‍ ബിവറേജസ് കോര്‍പറേഷന്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നും ബിവറേജസ് അധികൃതര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it