സുപ്രിംകോടതി വിധി പിണറായിയുടെ ധിക്കാരത്തിന് കിട്ടിയ തിരിച്ചടി: മുല്ലപ്പള്ളി

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ കീശയില്‍ കൈയിട്ട് സര്‍ക്കാര്‍ നടത്തിയ പകല്‍ക്കൊള്ളയ്ക്കും പിണറായി വിജയന്റെ ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വിസമ്മതപത്രം വാങ്ങുന്ന ഏര്‍പ്പാട് ലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. ഈ നടപടിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ അപമാനിക്കുകയാണ് ചെയ്തത്. മഹാപ്രളയത്തിന്റെ പേരില്‍ പണപ്പിരിവല്ലാതെ ഫണ്ട് വിതരണം നടക്കുന്നില്ല. വിദേശ പര്യടനം നടത്തി സഹസ്രകോടി സമാഹരിക്കുന്നത് ദുരന്തനിവാരണത്തിനും നവ കേരള സൃഷ്ടിക്കും വേണ്ടിയല്ല. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് രക്ഷപ്പെടാനുള്ള മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നത്. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രളയം കഴിഞ്ഞു രണ്ടരമാസമായിട്ടും 10,000 രൂപ പോലും കിട്ടാത്തവര്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 242 കോടിരൂപ ലഭിച്ചെങ്കിലും ഒരു വര്‍ഷം കൊണ്ട് ചെലവഴിച്ചത് 39 കോടിരൂപ മാത്രമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ബാക്കി തുക എന്തു ചെയ്തുവെന്നു സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. മഹാപ്രളയത്തിന് ലഭിച്ച തുകയും ഈ രീതിയിലാണ് ചെലവഴിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നുവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി ശരിവച്ചത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നു വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രിംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നു കോടതി ചെലവിനുള്ള തുക ഈടാക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it