സുപ്രിംകോടതി നിര്‍ദേശം ലംഘിച്ച് അഭിഭാഷകര്‍ തെരുവിലിറങ്ങി

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശം അവഗണിച്ചു ഡല്‍ഹിയില്‍ സംഘപരിവാര അനുകൂലികളായ അഭിഭാഷകര്‍ തെരുവിലിറങ്ങി.
മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ കക്ഷികള്‍ക്കും എതിരേയും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. എന്തു സംഭവിച്ചാലും രാജ്യദ്രോഹികള്‍ക്കെതിരേ ആക്രമണം തുടരുമെന്നും പോലിസ് നിയമനടപടി സ്വീകരിച്ചോട്ടെയെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞു.
പട്യാല ഹൗസ് കോടതിയില്‍നിന്ന് ഇന്ത്യാഗേറ്റിലേക്കാണ് പ്രകടനം നടത്തിയത്. നൂറുകണക്കിനു പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. രണ്ടുമണിക്കൂറോളം ഈ പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി. പ്രകടനക്കാര്‍ കനയ്യകുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു.
പ്രകോപനപരമായ പരാമര്‍ശങ്ങളില്‍നിന്നു പിന്തിരിയണമെന്നും ആക്രമണം നടത്തരുതെന്നും കഴിഞ്ഞ ദിവസം അഭിഭാഷകര്‍ക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് അഭിഭാഷകരുടെ നടപടി.
കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതി വളപ്പിലിട്ട് മര്‍ദിക്കാനും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കു നേരെ ആക്രമണമഴിച്ചുവിടാനും നേതൃത്വം നല്‍കിയതിനു സംഘപരിവാര പ്രവര്‍ത്തകരായ വിക്രം സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്ക് ഡല്‍ഹി പോലിസ് സമന്‍സ് അയച്ചിരുന്നു.
പോലിസിന്റെ സമന്‍സ് ലഭിച്ച മുന്നുപേരും പ്രകടനത്തില്‍ അണിനിരന്നിരുന്നു. ഡല്‍ഹിയിലെ സംഘപരിവാര അനുകൂലികളായ അഭിഭാഷകരെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it