World

സുതാര്യ അന്വേഷണം വേണമെന്ന് യുഎന്‍

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങളില്‍ 17 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന്്് യുഎന്‍. ഗസയിലെ ഇസ്രായേലി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രക്ഷാസമിതി അടിയന്തര യോഗത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. കുവൈത്തിന്റെ നിര്‍ദേശപ്രകാരമാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. എന്നാല്‍, ഈ വിഷയത്തില്‍ സംയുക്ത പ്രസ്താവനയില്‍ ധാരണയിലെത്തുന്നതില്‍ യോഗം പരാജയപ്പെട്ടു.
ഫലസ്തീന്‍ ഭൂമി ദിനാചരണത്തിന്റെ ഭാഗമായി അധിനിവിഷ്ട മേഖലകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പില്‍ 16 പേരും ഗസ-ഇസ്രായേല്‍ അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു കര്‍ഷകനുമാണ് കൊല്ലപ്പെട്ടത്.  കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ഗസയില്‍ ആരംഭിച്ചു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫലസ്തീന്‍ അതോറിറ്റി ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 17 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത 733 പേര്‍ക്കെതിരേ ഇസ്രായേലി സൈന്യം വെടിയുതിര്‍ത്തതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 14,000ലധികം പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു.
ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ക്രൂരമായ ലംഘനമാണെന്നു ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിയമസഹായ സംഘടനയായ അദാല അഭിപ്രായപ്പെട്ടു. നിരായുധരായ സാധാരണക്കാര്‍ക്കു നേര്‍ക്കാണ് ഇസ്രായേല്‍ സേന നിറയൊഴിച്ചത്. സായുധരേയും സാധാരണക്കാരേയും വേര്‍തിരിച്ചു കാണാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ അവിടെ ലംഘിക്കപ്പെട്ടതായി സംഘടന വ്യക്തമാക്കി.
ഇസ്രായേല്‍ നടപടിയില്‍ ലോകവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. ഫലസ്തീന്‍ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നു ജോര്‍ദാന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക പ്രസ്താവനയിലാണ് ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രതികരണം. തുര്‍ക്കി, ഖത്തര്‍ സര്‍ക്കാരുകളും സമാനമായ പ്രസ്താവനയിറക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it