kannur local

സുജിത്ത് വധത്തിനു പിന്നില്‍ സിപിഎം നേതാവെന്ന് മാതാവ്

കണ്ണൂര്‍:  ചെക്കിക്കുളം പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റും സിപിഎം പ്രവര്‍ത്തകനുമായ കൊയിലേരിയന്‍ സുജിത്തിന്റെ കൊലപാതകത്തില്‍ പ്രദേശത്തെ പാര്‍ട്ടി നേതാവിന് ബന്ധമുള്ളതായി സുജിത്തിന്റെ മാതാവ് കമലാക്ഷി ആരോപിച്ചു.
സംസ്ഥാന സര്‍വീസ് സഹകരണ വാരാഘോഷവുമായി ബന്ധപ്പെട്ട് ആശംസാ ബോര്‍ഡുകള്‍ തയ്യാറാക്കുന്നതിനായി ഫെബ്രുവരി നാലിന് മൂന്നുപെരിയയിലേക്ക് പോയതായിരുന്നു. അന്നു രാത്രിയായിരുന്നു മരണം. ഹൃദയാഘാതമാണ് സുജിത്തിന്റെ മരണകാരണമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതകമാണെന്ന് വ്യക്തമായി.
കഴുത്തിലും കണ്ണിലും ക്ഷതമേറ്റിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ്, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും  ഫലമുണ്ടായില്ല.
സുജിത്തിനോട് പ്രദേശത്തെ ഒരു സിപിഎം നേതാവിന് കടുത്ത വിരോധമുണ്ട്. ചെയ്ത ജോലിക്ക് കൂലി നല്‍കാതെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളാണ് നാട്ടില്‍ കുപ്രചാരണം നടത്തിയതെന്നും കമലാക്ഷി കുറ്റപ്പെടുത്തി. അന്വേഷണം അട്ടിമറിച്ച് കേസ് ഇല്ലാതാക്കാന്‍ പോലിസും സിപിഎമ്മിലെ ചിലരും ശ്രമിക്കുകയാണെന്ന് പട്ടികജന സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു.
നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രൂപീകരിച്ച കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 30ന് ജില്ലാ പോലിസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും. സിബി കുറ്റിച്ചാല്‍, സുജിത്തിന്റെ സഹോദരങ്ങളായ കെ ശ്രീജേഷ്, കെ പ്രഷീജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it