സീതാറാം യെച്ചൂരിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

ന്യൂഡല്‍ഹി: ഭാരത് ബന്ദിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം. പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇടതു നേതാക്കള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. യെച്ചൂരിയെ കൂടാതെ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി, എംപിമാരായ ഡി രാജ, ബിനോയ് വിശ്വം, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിവിധ കക്ഷികള്‍ ഒന്നിച്ചും ഇടതുകക്ഷികള്‍ പ്രത്യേകമായുമാണ് പ്രതിഷേധ പരിപാടികള്‍ നടത്തിയത്. ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ധര്‍ണ നടന്നത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ധര്‍ണയില്‍ എഎപി, ആര്‍എല്‍ഡി, എഐയുഡിഎഫ് തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ധര്‍ണയ്ക്കു മുമ്പ് രാഹുലിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്നു രാംലീലാ മൈതാനിയിലേക്ക് രണ്ടു കിലോമീറ്ററോളം നേതാക്കള്‍ പ്രകടനം നടത്തി. സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഎം (എല്‍), എസ്‌യുസിഐ (സി), സിജിപിഐ എന്നീ ഏഴു ഇടതുകക്ഷികളാണ് പാര്‍ലമെന്റ് സ്ട്രീറ്റിലെ പ്രകടനത്തില്‍ പങ്കെടുത്തത്. ഇടതു പ്രതിഷേധത്തിനും എഎപി പിന്തുണയുമായെത്തി. നരേന്ദ്രമോദിയുടെ ജനവിരുദ്ധ ഭരണത്താല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടാവാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നു പ്രക്ഷോഭകരെ അഭിസംബോധന ചെയ്തു സംസാരിച്ച യെച്ചൂരി പറഞ്ഞു.

Next Story

RELATED STORIES

Share it