സിറിയ: യുഎസ്-റഷ്യ ചര്‍ച്ച നാളെ; സമാധാനത്തിന് സാധ്യതയെന്ന് കോഫി അന്നന്‍

ജനീവ: യുഎസും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തുന്നതിലൂടെ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ സമാധാനം തിരികെക്കൊണ്ടുവരാന്‍ സാധിച്ചേക്കുമെന്ന് യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍.
2012ല്‍ സിറിയന്‍ സമാധാനചര്‍ച്ചയ്ക്ക് കോഫി അന്നന്‍ മധ്യസ്ഥത വഹിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ റഷ്യയുടെയും യുഎസിന്റെയും നില ഏറെ പ്രധാനപ്പെട്ടതാണ്. ഇരുരാജ്യങ്ങളും ഒരുമിച്ചും മറ്റു രാജ്യങ്ങളുമായി സഹകരിച്ചും പ്രവര്‍ത്തിക്കാനുള്ള വഴി കണ്ടെത്തുകയാണെങ്കില്‍ ദൗത്യം വിജയിക്കുമെന്നു കോഫി അന്നന്‍ പറഞ്ഞു. നാലര വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ മരിച്ചത് രണ്ടര ലക്ഷത്തോളം പേരാണെന്നും യുദ്ധത്തിനുള്ള ചെലവ് വഹിക്കുന്നതും ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതും വിദേശ സര്‍ക്കാരുകളാണെന്നും വിദ്യാര്‍ഥികളുടെയും നയതന്ത്രജ്ഞരുടെയും മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ അന്നന്‍ പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ റഷ്യയും യുഎസും നാളെ വിയന്നയില്‍ ചര്‍ച്ച നടത്തും. സമാധാനചര്‍ച്ചയില്‍ ഇറാനും ക്ഷണമുണ്ട്. 2012ല്‍ കോഫി അന്നന്‍ സെക്രട്ടറി ജനറലായിരുന്ന സമയത്ത് ഇറാനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതിനെ യുഎസ് എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it