Flash News

സിറിയയിലെ കുര്‍ദുകള്‍ക്ക് ആയുധം നല്‍കും : യുഎസ്‌



വാഷിങ്ടണ്‍: തുര്‍ക്കിയുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെ സിറിയന്‍ കുര്‍ദുകള്‍ക്ക് ആയുധവും സൈനിക സഹായവും നല്‍കുമെന്ന് യുഎസ്. ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം ലഭിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. റഖ മേഖലയില്‍ ഐഎസിന്റെ തകര്‍ച്ച ഉറപ്പു വരുത്തേണ്ടതുണ്ടെന്ന്് പെന്റഗണ്‍ വക്താവ് ഡന വൈറ്റ് പറഞ്ഞു. റഖയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന താബ്ഖ മേഖലയിലാണ് ഇപ്പോള്‍ കുര്‍ദുകള്‍ ഐഎസിനെതിരേ പോരാടുന്നത്. യന്ത്രത്തോക്കുകള്‍, വെടിക്കോപ്പുകള്‍, ബുള്‍ഡോസറുകള്‍ അടക്കമുള്ള വസ്തുക്കള്‍ നല്‍കാനാണ് തീരുമാനമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഐഎസിനെതിരായ പോരാട്ടത്തിന് ശേഷം റഖ വിടുമെന്നു കുര്‍ദുകളില്‍ നിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും യുഎസ് അറിയിച്ചു. എന്നാല്‍, ആയുധങ്ങള്‍ എപ്പോള്‍ നല്‍കുമെന്ന കാര്യം വ്യക്തമല്ല. ഐഎസില്‍ നിന്ന് കൊബേനി പിടിച്ചെടുക്കുന്നതിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2014ല്‍ കുര്‍ദുകള്‍ക്ക് ആയുധസഹായം നല്‍കിയിരുന്നു.അതേസമയം, യുഎസ് നടപടി അസ്വീകാര്യമാണെന്ന് തുര്‍ക്കി ഉപ പ്രധാനമന്ത്രി നൂറുദ്ധീന്‍ കാനിക്‌ലി വ്യക്തമാക്കി. നടപി പ്രയോജനപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ കുര്‍ദുകളെ തീവ്രവാദികളായും കലാപകാരികളുമായാണ് തുര്‍ക്കി കാണുന്നത്. സിറിയന്‍ കുര്‍ദുകളെ ഇതിന്റെ ഭാഗമായിട്ടാണ് തുര്‍ക്കി വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it