kannur local

സിബിഐയില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്ടുകാര്‍

ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി(72) കൊലപ്പെട്ട് ആറുവര്‍ഷം പിന്നിടവെ കേസ് സിബിഐക്ക് വിട്ടതോടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. തറവാട്ട് വീട്ടില്‍ തനിച്ചുതാമസിക്കുകയായിരുന്ന മറിയക്കുട്ടിയെ 2012 മാര്‍ച്ച് അഞ്ചിന് രാവിലെ കിടപ്പുമുറിയില്‍ കൊലപ്പെട്ട നിലയില്‍  കണ്ടെത്തുകയായിരുന്നു.
പയ്യന്നൂര്‍ മുന്‍ സിഐ പി കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമികാന്വേഷണം നടത്തിയത്. മോഷണശ്രമത്തിനിടയില്‍ നടന്ന കൊലപാതകമെന്നായിരുന്നു നിഗമനം. പിന്നീട് വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യമായി.  മലയോരത്തെ നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. എന്നാല്‍ നിര്‍ണായക തെളിവുകളൊന്നും ലഭിച്ചില്ല.
ഏഴുമാസങ്ങള്‍ക്കു ശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റാങ്കിലുള്ള പന്ത്രണ്ടോളം ഉദ്യോഗസ്ഥര്‍ ഇതിനകം കേസന്വേഷിച്ചെങ്കിലും ലോക്കല്‍ പോലിസ് കണ്ടെത്തിയ തെളിവുകള്‍ക്കപ്പുറം മറ്റൊന്നും അവര്‍ക്ക് ലഭിച്ചില്ല. പ്രതിയെ കണ്ടെത്താന്‍ നൂറിലധികം പേരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയും ആധാര്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. കൂടാതെ, ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും പരിശോധിച്ചു. എന്നിട്ടും കുറ്റവാളിയെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് സംഘം പ്രതിസന്ധിയിലാവുകയായിരുന്നു.
കേസില്‍ നിര്‍ണായകമായിരുന്ന തെളിവുകള്‍ ലോക്കല്‍ പോലിസ് നഷ്ടപ്പെടുത്തിയതും വിമര്‍ശനത്തിനിടയാക്കി.
പ്രതിയെന്നു സംശയിക്കുന്നയാള്‍ പയ്യന്നൂരിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി ടൗണിലെ ജ്വല്ലറിക്കു മുന്നിലൂടെ പോവുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നതായും പിന്നീട് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡി നഷ്ടപ്പെട്ടതായും പോലിസ് തന്നെ കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അട്ടിമറിച്ചതായാണ് ആക്ഷേപം. അരുംകൊലയുടെ ശേഷിപ്പായി മറിയക്കുട്ടി താമസിച്ചിരുന്ന തറവാടു വീട് ഇപ്പോഴുമുണ്ട്. വീടിന്റെ മിക്കഭാഗങ്ങളും തകര്‍ച്ചയിലാണ്. മാറി മാറി വരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്നതുകൊണ്ട് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ല.
Next Story

RELATED STORIES

Share it