സിബിഎസ്ഇ വസ്ത്രനിയന്ത്രണം; മെഡിക്കല്‍ പ്രവേശനപ്പരീക്ഷ തടയും: കാംപസ് ഫ്രണ്ട്

തിരുവനന്തപുരം: സിബിഎസ്ഇ ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വസ്ത്രനിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ തടയുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറാനും മത ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കാനുമുള്ള സിബിഎസ്ഇ തീരുമാനം അംഗീകരിക്കാനാവില്ല. സിബിഎസ്ഇയുടെ വിവാദ സര്‍ക്കുലര്‍ ഇറങ്ങിയതു മുതല്‍ വസ്ത്രനിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സമരരംഗത്തുണ്ട്. ഒരുമാസം മുമ്പ് സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുള്ള സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിക്കുകയും റീജ്യനല്‍ ഡയറക്ടറെ കണ്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അനുകൂലമായ പ്രതികരണം സിബിഎസ്ഇയുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതിനാല്‍ കുറച്ചുദിവസം മുമ്പ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനികള്‍ റീജ്യനല്‍ ഡയറക്ടറെ തടഞ്ഞിരുന്നു. ജനാധിപത്യപരമായ ആവശ്യങ്ങളോടും മതേതര താല്‍പര്യങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്ന സിബിഎസ്ഇയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഈ സാഹചര്യത്തിലാണ് പരീക്ഷ തടയാന്‍ തീരുമാനിച്ചതെന്നും അബ്ദുല്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it