സിബിഎസ്ഇയുടെ വിജ്ഞാപനത്തിന് സ്‌റ്റേ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്കു പ്രായപരിധി നിശ്ചയിച്ച് സിബിഎസ്ഇ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തിവന്ന ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്.
ഓപണ്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന വ്യവസ്ഥയും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ചന്ദ്രശേഖറും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷം വരെ ഇളവുണ്ട്. കഴിഞ്ഞയാഴ്ച ഇതേയാവശ്യം ഉന്നയിച്ച് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കീഴ്‌ക്കോടതി മുമ്പാകെ വിഷയം ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ രണ്ടംഗബെഞ്ച് ചെയ്തത്.
നീറ്റ് പരീക്ഷയെഴുതാനുള്ള ജനറല്‍ വിഭാഗത്തിന്റെ പ്രായപരിധി 25 ആക്കിയ നടപടിയാണ് മലയാളിയായ ജസ്‌ന ഉള്‍പ്പെടെയുള്ള ഹരജിക്കാര്‍ ചോദ്യംചെയ്തത്. കേരളത്തിലെ എംബിബിഎസ് സീറ്റുകളില്‍ അലോപ്പതി നഴ്‌സുമാര്‍ക്ക് നിശ്ചിത സംവരണം ഉണ്ടെന്നും എന്നാല്‍, നീറ്റ് പരീക്ഷയുടെ തൊട്ടുമുമ്പ് 30 വയസ്സ് പൂര്‍ത്തിയാവുന്നതിനാല്‍ തനിക്കു പ്രവേശനത്തിന് ശ്രമിക്കാന്‍ കഴിയില്ലെന്നും ഇപ്പോള്‍ നഴ്‌സായി ജോലിചെയ്യുന്ന ജസ്‌ന ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവുന്ന ഹൈക്കോടതിയുടെ നടപടി വന്നിരിക്കുന്നത്.
കേസില്‍ അടുത്തമാസം ആറിന് വിശദമായി വാദംകേള്‍ക്കും. വിജ്ഞാപനം റദ്ദാക്കുന്നത് സംബന്ധിച്ച് അപ്പോഴേ തീരുമാനമുണ്ടാവൂ.
Next Story

RELATED STORIES

Share it